
നവിമുംബൈ: നഗരം ദീപാവലി ആഘോഷത്തിമർപ്പിൽ മുങ്ങിയിരിക്കെ, അപ്രതീക്ഷിതമായുണ്ടായ ദുരന്തം മലയാളികളെ ദുഃഖത്തിലാഴ്ത്തി. തിരുവനന്തപുരം സ്വദേശിനി പൂജയുടെയും ഭർത്താവ് സുന്ദർ ബാലകൃഷ്ണന്റെയും മകൾ വേദികയുടെയും മരണവാർത്ത ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലോടെയാണ് കേട്ടത്.സുന്ദർ ബാലകൃഷ്ണനും പൂജയും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. സോഫ്റ്റ്‌വേർ എൻജിനിയറായിരുന്ന അദ്ദേഹം പുതിയ സംരംഭം ആരംഭിക്കാനിരിക്കുകയായിരുന്നു. സ്പൈസർ ഇന്ത്യയിലെ ലീഗൽ അഡ്‌വൈസറായ പൂജ കമ്പനിയാവശ്യത്തിന് ഹൈദരാബാദിൽ പോയി മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു ദുരന്തം.
സ്കൂളവധിയുടെ സന്തോഷത്തിലായിരുന്നു വേദിക. ദീപാവലി ആഘോഷം മൂർധന്യത്തിൽ എത്തിനിൽക്കുമ്പോഴാണ് വാഷി സെക്ടർ 14-ലെ രഹേജ റസിഡൻസിയുടെ പത്താം നിലയിൽ തിങ്കളാഴ്ച രാത്രി തീപ്പിടിത്തമുണ്ടാകുന്നത്. പെട്ടെന്നുതന്നെ തീ മുകളിലോട്ടു പടർന്നു. പന്ത്രണ്ടാം നിലയിലായിരുന്നു പൂജയും കുടുംബവും താമസിച്ചിരുന്നത്. കട്ടിയായ പുക പടർന്നതോടെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതെ ഇവർ വീട്ടിനകത്ത് കുടുങ്ങി.
പുകശ്വസിച്ചാണ് മൂവരും മരിച്ചതെന്നാണ് പ്രാഥമികനിഗമനം. മലയാളി സംഘടനാനേതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും വിവരമറിഞ്ഞ് ഓടിയെത്തി. ഇവരുടെ ദുരന്തവാർത്തയ്ക്കു പിന്നാലെ കാമോട്ടെയിലും കെട്ടിടത്തിന് തീപിടിച്ച് അമ്മയും മകളും മരിച്ചതും ആഘാതം വർധിപ്പിച്ചു. സുന്ദർ ബാലകൃഷ്ണനും പൂജയ്ക്കും വേദികയ്ക്കും സുഹൃത്തുക്കളും ബന്ധുക്കളും മലയാളി സംഘടനാപ്രതിനിധികളും ചേർന്ന് വിട നൽകി. തുർഭെ ശ്മശാനത്തിലായിരുന്നു അന്ത്യകർമങ്ങൾ. നോർക്ക റൂട്ട്‌സും പ്രണാമമർപ്പിച്ചു.





