ഹിജാബ് വിവാദം; ‘സ്‌കൂൾ നിയമം അനുസരിച്ച് വന്നാൽ കുട്ടിയെ സ്വീകരിക്കും, വിദ്യാർത്ഥിനി ടി സി വാങ്ങുന്ന കാര്യം അറിയിച്ചിട്ടില്ല’ – സ്‌കൂൾ മാനേജ്‌മെൻ്റ്

കൊച്ചി : സ്കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ച് വന്നാൽ വിദ്യാർത്ഥിനിയെ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി . ഹിജാബ് വിവാദത്തില്‍ നിലപാടിൽ ഉറച്ച് നിന്ന് കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്കൂൾ.
വിദ്യാർത്ഥിനി ടി സി വാങ്ങുന്ന കാര്യം അറിയിച്ചിട്ടില്ലെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. വിഷയത്തിൽ ഇടപെട്ടതിന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി ഉൾപ്പെടയുള്ളവർക്ക് സ്കൂൾ പ്രിൻസിപ്പൽ നന്ദി പറഞ്ഞു. പല വിഷയങ്ങളും കോടതിയുടെ മുൻപിൽ ഇരിക്കുന്നതാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി പറഞ്ഞു.
വിഷയത്തിൽ സ്‌കൂളിനൊപ്പം നിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പ്രിൻസിപ്പൽ വാർത്താസമ്മേളനം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി ആദ്യം ഒക്കെ അന്വേഷിച്ചിരുന്നെന്നും പിന്നീട് അതുണ്ടായില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി, ഹൈബി ഈഡൻ, ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർക്ക് സെന്റ് റീത്താസ് പബ്ലിക് സ്കൂൾ നന്ദി പറഞ്ഞു.അതേസമയം വിദ്യാര്‍ത്ഥി സ്‌കൂളിലെ പഠനം ഉപേക്ഷിക്കാനൊരുങ്ങുകയാണെന്ന് പിതാവ് അറിയിച്ചിരുന്നു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്. ഹിജാബുമായി ബന്ധപ്പെട്ട വിവാദം കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നുമാണ് പിതാവ് അറിയിച്ചത്.





