
കോഴിക്കോട് : പയ്യോളി ടൗണിൽ തെരുവുനായയുടെ കടിയേറ്റ് പരിക്കേറ്റയാൾ നായയിൽനിന്ന് സംരക്ഷണംതേടി നഗരസഭയ്ക്കുമുന്നിൽ കുത്തിയിരുന്നു. പുൽക്കൊടിക്കൂട്ടം സാംസ്കാരികവേദിയുടെ ചെയർമാൻ എം. സമദിനാണ് വ്യാഴാഴ്ച പുലർച്ചെ അഞ്ചരയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. എറണാകുളത്തേക്കുള്ള എക്സിക്യുട്ടീവ് എക്സ്പ്രസിനു പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ആളൊഴിഞ്ഞ വഴിയിൽവെച്ച നായ ആക്രമിക്കുകയായിരുന്നു.
മുഖത്തേക്ക് നായ ചാടിയതോടെ പിന്നിലേക്കുമാറിയ സമദ് കല്ലിൽത്തട്ടിവീണു. അങ്ങനെയാണ് തലയ്ക്ക് പരിക്കേറ്റത്. ബസ് സ്റ്റാൻഡിൽനിന്ന് ഓടിയെത്തിയവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്ക് ആറു തുന്നലുണ്ട്. കൊയിലാണ്ടി താലൂക്കാശുപത്രി വിട്ടശേഷം സമദ് തെരുവുനായശല്യത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് പയ്യോളി നഗരസഭ ഓഫീസിനുമുന്നിൽ കുത്തിയിരുന്നു.
തുടർന്ന് നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ പി.എം. ഹരിദാസൻ, വെറ്ററിനറി സർജൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കുത്തിയിരിപ്പ് അവസാനിപ്പിച്ചു.



