
കോഴിക്കോട് : കോഴിക്കോട് റൂറൽ എസ്‌പി ഓഫീസ് മുറ്റത്തുനിന്ന് ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ച് തമിഴ്‌നാട് സ്വദേശിനി. തീപ്പെട്ടി ഉരയ്ക്കുന്നതിനിടെ സ്ഥലത്തെത്തിയ എസ്‌ഐയുടെ ജാഗ്രത രക്ഷയായി. സ്റ്റുഡന്റ് പോലീസ് കെഡേറ്റ് (എസ്‌പിസി) റൂറൽ ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. സുനിൽകുമാർ ഓടിയെത്തി തീപ്പെട്ടി തട്ടിത്തെറിപ്പിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
വളയം സ്വദേശിക്കെതിരേ പരാതിയുമായി ഏതാനും ദിവസങ്ങളായി ചെന്നൈ സ്വദേശിയായ സ്ത്രീ വളയത്തുണ്ട്. ഡിസംബറിൽ ബിസിനസ് ആവശ്യത്തിന് 11 ലക്ഷംരൂപ വളയം സ്വദേശിയായ ലത്തീഫ് വാങ്ങിയെന്നും പണം തിരിച്ചുനൽകാതെ വഞ്ചിച്ചെന്നുമാണ് പരാതി. ലത്തീഫിനെത്തേടി ഇവർ വീട്ടിലും പോയിരുന്നു. നാദാപുരം ഡിവൈഎസ്‌പിക്ക് പരാതി നൽകി. തുടർന്ന് വളയം പോലീസ് അന്വേഷണം നടത്തി ഇയാൾ നാട്ടിലില്ലെന്ന വിവരം ഡിവൈഎസ്‌പിക്ക് നൽകി. തുടർന്നാണ് ഈ വിഷയത്തിൽ റൂറൽ എസ്‌പിയെ നേരിൽക്കണ്ട് പരാതി പറയാൻ ഇവർ പുതുപ്പണത്തെ എസ്‌പി ഓഫീസിലെത്തിയത്. ഈ സമയത്ത് എസ്‌പി യോഗത്തിലായതിനാൽ അഡീഷണൽ എസ്‌പിയെ കണ്ട് പരാതിപ്പെട്ടു. വേണ്ടത് ചെയ്യാമെന്നുപറഞ്ഞാണ് ഇവരെ പറഞ്ഞയച്ചത്. ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. എന്നാൽ, ഇവർ തനിച്ച് എസ്‌പി ഓഫീസ് മുറ്റത്തേക്കിറങ്ങുകയും ഫ്ളാഗ് പോസ്റ്റിനുസമീപത്തുനിന്ന് െകൈയിൽക്കരുതിയ കുപ്പിയിലെ പെട്രോൾ ശരീരത്തിൽ ഒഴിക്കുകയുമായിരുന്നു.
ഈ സമയത്താണ് എസ്‌പിസിയുടെ നോഡൽ ഓഫീസറായ അഡീഷണൽ എസ്‌പിയെ കാണാൻ എസ്‌ഐ കെ. സുനിൽകുമാർ എത്തുന്നത്. ആദ്യത്തെ കാഴ്ചയിൽ വെള്ളം കുടിക്കുന്നതുപോലെയാണ് തോന്നിയതെങ്കിലും സ്ത്രീ തീപ്പെട്ടി കൈയിലെടുത്തതോടെ സുനിൽകുമാർ ഓടി അരികിലെത്തി തീപ്പെട്ടി തട്ടിത്തെറിപ്പിച്ചു. ഇതിനിടെ രണ്ടുപേരും നിലത്തുവീണു. അപ്പോഴേക്കും മറ്റുള്ള പോലീസുകാരും ഇവരുടെ ബന്ധുക്കളുമെല്ലാം ഓടിയെത്തി. പെട്ടെന്നുതന്നെ ഇവരെ വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
ആത്മഹത്യാശ്രമത്തിനുപിന്നാലെ സ്ത്രീയുടെ പരാതിയിൽ വളയം സ്വദേശി ലത്തീഫിന്റെപേരിൽ വടകര പോലീസ് കേസെടുത്തു. ലത്തീഫിനെ വീട്ടുതടങ്കലിൽ വെച്ചിരിക്കുകയാണെന്ന പരാതിയാണ് നേരത്തേ സ്ത്രീ നാദാപുരം ഡിവൈഎസ്‌പിക്ക് നൽകിയതെന്നാണ് പോലീസിന്റെ വിശദീകരണം. ഈ പരാതി വളയം പോലീസ് അന്വേഷിച്ചപ്പോൾ ലത്തീഫ് വിദേശത്താണെന്ന വിവരം കിട്ടി. ഈ വിവരം പരാതിക്കാരിയെ അറിയിക്കുകയും ചെയ്തു.





