കോഴിക്കോട് നാദാപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതികളായ അഞ്ചുപേരെയും അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി

കോഴിക്കോട് : നാദാപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളായ അഞ്ചുപേരെയും അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി. ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ചു പേരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്‌ത് അല്പസമയം മുൻപ് കോടതിയിൽ ഹാജരാക്കിയത് . ആദിത്യൻ, അരുൺ, സായൂജ്, സായൂജ്, അനുനന്ദ് എന്നിവരെയാണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
പെൺകുട്ടി നൽകിയ മൊഴിപ്രകാരം വ്യത്യസ്ത സമയങ്ങളിലാണ് പീഡനം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പോക്‌സോ നിയമപ്രകാരം അഞ്ച് എഫ്ഐആറാണ് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയത് എന്നാണ് കുട്ടി നൽകിയ മൊഴിയിൽ പറയുന്നത്.
ഇക്കാര്യം കൗൺസിലിങ് നടത്തിയ ആൾ അറിയിച്ചതു പ്രകാരം രക്ഷിതാക്കൾ വടകര പൊലീസിനെ പരാതി നൽകുകയായിരുന്നു. പീഡനം ഉണ്ടായത് നാദാപുരം സ്റ്റേഷന്റെ പരിധിയിലായതിനാൽ വടകര പൊലീസ് നാദാപുരം പൊലീസിലേക്ക് കേസ് കൈമാറുകയായിരുന്നു. പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ച ശേഷം പീഡനം നടത്തിയെന്നാണ് വിവരം. കേസിൽ പിടിയിലായ അഞ്ചു പേരും 21, 22 വയസ്സ് പ്രായമുളളവരാണ്. വിവിധ സ്ഥലങ്ങളിൽ പല സമയങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി.





