
താമരശ്ശേരി : ഒൻപതുകാരിയുടെ മരണത്തിന്റെ കാരണം അമീബിക് മസ്തിഷ്‌കജ്വരമല്ലെന്ന ആരോപണവുമായി കുട്ടിയുടെ മാതാവ്. താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ഭർത്താവ് സനൂപ് ഡോക്ടറെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോടാണ് അവർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
‘‘മകൾ മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം കൊണ്ടല്ലെന്നും പനിയായിരുന്നെന്നുമാണ് പോസ്റ്റ്‌മോർട്ടം ചെയ്തവരിൽ ഒരു ഡോക്ടർ കഴിഞ്ഞയാഴ്ച പറഞ്ഞത്. ഇതിൽ കടുത്ത മാനസികസമ്മർദത്തിലായിരുന്നു സനൂപ്. വളരെ അസ്വസ്ഥനായിരുന്നു അദ്ദേഹം. ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല. പിള്ളേരെ അദ്ദേഹം കൊണ്ടുപോയിരുന്നു.
ഞാൻ ചോദിച്ചപ്പോൾ അവർ എന്റെയടുത്ത് പറഞ്ഞത് ഭക്ഷണം കഴിപ്പിച്ചശേഷം അച്ഛൻ അവരെ കയറ്റിവിട്ടുവെന്നാണ്.താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്നാണ് പറഞ്ഞത്. ബാഗ് പിള്ളേര് പൊതുവേ കൊണ്ടുപോവുന്നതാണ്. അതിൽ രേഖകളോ മറ്റോ ആവുമെന്നാണ് കരുതിയത്.’’ -അവർ പറഞ്ഞു.





