
കോഴിക്കോട് : പേരാമ്പ്ര നൊച്ചാട് പഞ്ചായത്തിലെ ചാലിക്കര പാടശേഖരത്തിലൂടെയുള്ള തോട്ടിൽ നീർനായകളെത്തുന്നത് കർഷകർക്കും പ്രദേശവാസികൾക്കും ആശങ്ക സൃഷ്ടിക്കുന്നു. കുറച്ചുകാലമായി നെൽക്കൃഷി നടക്കാത്തതിനാൽ പാടശേഖരത്തിൽ കൈതപ്പുല്ല് നിറഞ്ഞിരിക്കുകയാണ്. പാമ്പുകളും കാട്ടുപന്നിയുമെല്ലാം ഇവിടേക്കെത്തുന്നുണ്ട്. ഇതിനുപുറമേയാണ് നീർനായയും അടുത്തകാലത്ത് തോട്ടിലൂടെയെത്തുന്നത്. കഴിഞ്ഞദിവസം ഒരു നീർനായ ‘സുഭിക്ഷ’യ്ക്കുസമീപം കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയിൽ വാഹനത്തിൽ കുടുങ്ങി ചത്തിരുന്നു. വയലിന്റെ ഒരുഭാഗത്തുനിന്ന് അപ്പുറത്തേക്കുപോകാൻ ശ്രമിച്ചപ്പോൾ റോഡിലെത്തിയതാണെന്നാണ് കരുതുന്നത്.
ഇതിനുശേഷം നാട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് നാറാണത്ത് താഴെ തോട്ടിലും നീർനായകളെ കണ്ടത്. രാത്രികാലങ്ങളിൽ വയലിനുകുറുകെയുള്ള നടപ്പാതയിലൂടെ ഭയപ്പാടോടെയാണ് ആളുകൾ സഞ്ചരിക്കുന്നത്. നാറാണത്ത് താഴെ തോട്ടിൽ പല പ്രദേശങ്ങളിൽനിന്നുമുള്ള ആളുകൾ കുളിക്കാനെത്താറുണ്ട്. നീർനായയുടെ സാന്നിധ്യമുള്ളതിനാൽ അവരെല്ലാം ആശങ്കയിലാണ്.അത്തോളി ഭാഗത്ത് പുഴയിലാണ് മുൻപ് നീർനായയുടെ സാന്നിധ്യം ധാരാളമായുണ്ടായിരുന്നത്. പേരാമ്പ്ര മേഖലയിലെ ഗ്രാമപ്രദേശങ്ങളിലൊന്നും ഇവയെ കണ്ടിരുന്നില്ല. അത്തോളിയിൽനിന്ന് വെള്ളത്തിലൂടെ ഈ ഭാഗത്തേക്കും എത്തുന്നതാണെന്നാണ് കരുതുന്നത്.
കാട്ടുപന്നിശല്യം നൊച്ചാട് പഞ്ചായത്തിലെ പലയിടങ്ങളിലും നേരത്തേത്തന്നെയുണ്ട്. കുറ്റിക്കാടുകൾ നിറഞ്ഞ മേഖലയിലാണ് അതിന്റെ താവളം. പാടശേഖരത്തിലെ കാടുവെട്ടിനീക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കണമെന്ന് ജനതാദൾ (എസ്) സംസ്ഥാനസമിതിയംഗം എൻ.എസ്. കുമാർ ആവശ്യപ്പെട്ടു.





