
കോഴിക്കോട്: ദേശീയപാത 66 വികസനം അഴിയൂർമുതൽ നാദാപുരം റോഡുവരെയുള്ള 5.5 കിലോമീറ്റർ, മൂരാടുമുതൽ നന്തിവരെയുള്ള 10.3 കിലോമീറ്റർ, നന്തിമുതൽ വെങ്ങളംവരെയുള്ള 16.7 കിലോമീറ്റർ എന്നിവയുടെ നിർമാണപ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നിർമാണപ്രവൃത്തികൾ വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽച്ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കൊയിലാണ്ടി ബൈപ്പാസ് ഈമാസം അവസാനത്തോടെ ഗതാഗതയോഗ്യമാക്കി തുറന്നുനൽകും. ബൈപ്പാസിന്റെ പണി ഡിസംബറോടെ പൂർത്തിയാകും. അഴിയൂർമുതൽ വെങ്ങളംവരെയുള്ള ഭാഗത്ത് നിലവിൽ പണി പൂർത്തിയായ ഭാഗങ്ങൾ ഈമാസംതന്നെ തുറന്നുനൽകാനും യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം അഴിയൂർമുതൽ വെങ്ങളംവരെയുള്ള ഭാഗം 10 കിലോമീറ്റർവീതംവരുന്ന നാല് സ്ട്രെച്ചുകളായിത്തിരിച്ച് നിലവിൽ പ്രവൃത്തി നടന്നുവരുകയാണ്.





