
പന്തീരാങ്കാവ് : ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ചാടിയിറങ്ങിയതിനാൽ ആളപായമില്ല. ഞായറാഴ്ച വൈകീട്ട് 4.30-ഓടെയാണ് പാലാഴി ഹൈലൈറ്റ് മാളിനുസമീപത്ത് അപകടം സംഭവിച്ചത്. ഹൈദരാബാദ് സ്വദേശി പുരുഷോത്തംകുമാറും കുടുംബവും വിമാനത്താവളത്തിൽനിന്ന് നഗരത്തിലെത്താൻ വാടകയ്ക്കെടുത്ത ഇലക്‌ട്രിക് കാറാണ് അഗ്നിക്കിരയായത്. ഹൈദരാബാദിൽനിന്ന് കരിപ്പൂരിൽ ഇറങ്ങി കോഴിക്കോട് നഗരത്തിലേക്ക് യാത്രചെയ്യുകയായിരുന്നെന്ന് പുരുഷോത്തംകുമാറും കുടുംബവും പറഞ്ഞു. ഡ്രൈവർക്കും പരിക്കില്ല. എറണാകുളം വൈറ്റില സ്വദേശി സാബു ജോണിയാണ് കാറിന്റെ ഉടമ. കാറിന് തീപിടിച്ചതോടെ ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പന്തീരാങ്കാവ് പോലീസും മീഞ്ചന്ത, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിൽനിന്നായി രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേനയും എത്തിയാണ് തീയണച്ചത്. സീനിയർ ഫയർ ഓഫീസർ സിദീഷിന്റെയും എഎസ്ടിഒ എൻ. ഗണേഷിന്റെയും നേതൃത്വത്തിൽ സിവിൽ ഫയർ ഓഫീസർമാരായ അനൂപ് കുമാർ, അനിൽ, പ്രവീൺ, അതുൽമോഹൻ, മുകേഷ്, മിദ്‌ലാജ്, വനിതാ സിവിൽ ഫയർ ഓഫീസർമാരായ ഐശ്വര്യ, തീർഥ എന്നിവരാണ് തീയണച്ചത്.





