
സ്വർണ വിലയിൽ റെക്കോഡ് കുതിപ്പ് തുടരുന്നു. ഇന്ന് 1000 രൂപയുടെ വർധനവുണ്ടായതോടെ പവൻന്റെ വില 88,560 രൂപയായി. ഗ്രാമിനാകട്ടെ 125 രൂപ കൂടി 11,070 രൂപയുമായി. ഇതോടെ 10,920 രൂപയുടെ വർധനവാണ് അഞ്ച് ആഴ്ചക്കിടെയുണ്ടായത്. സെപ്റ്റംബർ ഒന്നിന് 77,640 രൂപയായിരുന്നു വില.
യു.എസിലെ അനിശ്ചിതത്വമാണ് സ്വർണം വീണ്ടും നേട്ടമാക്കിയത്. ഇതാദ്യമായി രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന്റെറെ വില 3,900 ഡോളർ കടന്നു. സർക്കാർ സംവിധാനങ്ങൾ പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വീണ്ടും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് സ്വർണത്തിന്റെ ഇപ്പോഴത്തെ കുതിപ്പിന് പിന്നിൽ. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,19,538 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വർധന രേഖപ്പെടുത്തി.



