
പാലക്കാട് ചാലിശ്ശേരിയില്‍ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മുപ്പത്തി മൂന്നര വര്‍ഷവും ആറ് മാസവും തടവ് ശിക്ഷ. പൊന്നാനി കൊല്ലംപടി സ്വദേശി ഹുസൈനെ (40)യാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്കുപുറമേ രണ്ട് ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് നടപടി.
2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പീഡനത്തിനിരയായ കുട്ടിയുടെ അയല്‍വാസിയാണ് പ്രതി. വീട്ടിലേക്കു വിളിച്ചുവരുത്തിയും കുളക്കടവിലെത്തിച്ചും പല തവണ കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തിയ കൗണ്‍സലിങിലാണ് പീഡന വിവരം വെളിപ്പെടുന്നത്. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.
ഡിവൈഎസ്പി മുരളീധരന്‍, എസ്‌ഐ അനില്‍മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം പൂര്‍ത്തിയാക്കിയത്. അഡ്വ. നിഷ വിജയകുമാര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.





