താറാവ് കർഷകർക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും; പ്രശ്‌നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മറ്റി

പക്ഷിപ്പനി ബാധിത മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മറ്റിയെ നിയോഗിക്കും എന്ന് മന്ത്രി ജെ. ചിഞ്ചുറാണി ട്വന്റിഫോറിനോട്. താറാവ് കർഷകർക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുമെന്നും നഷ്ടം സംഭവിച്ചവരുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. താറാവ് കർഷകരുടെ ദുരിതം ഇന്നലെയാണ് റിപ്പോർട്ട് ചെയ്തത്. പക്ഷിപ്പനി ബാധിച്ച് താറാവുകൾ ചത്ത സംഭവത്തിൽ കർഷകർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്നായിരുന്നു കർഷകരുടെ പരാതി. നഷ്ടപരിഹാരം ഇനിയും വൈകിയാൽ കുടുംബം പ്രതിസന്ധിയിലാകുമെന്ന് കർഷകർ പറഞ്ഞു.
താറാവ് ഒന്നിന് 200 രൂപയാണ് വില. ഇത് വർധിപ്പിക്കണമെന്ന് കർഷകർ ആവശ്യം ഉന്നയിച്ചു. പനി ബാധിച്ച് ചത്ത താറാവുകളുടെ വില കൂടി നഷ്ടപരിഹാരത്തുകയിൽ ഉൾപ്പെടുത്തണമെന്നും ഇറച്ചിയും മുട്ടയും സർക്കാർ നേരിട്ട് ശേഖരിച്ച് വിൽപ്പന നടത്താൻ സംവിധാനമൊരുക്കണമെന്നും കർഷകർ പറയുന്നു. തറാവ് കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുണ്ട്.
ആലപ്പുഴയിലും കോട്ടയത്തുമാണ് താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് നിരവധി താറാവുകളെ കൂട്ടത്തോടെ കൊന്നിരുന്നു.





