Kozhikode

ഭക്ഷണം നൽകാൻ ആളുണ്ട്, പാഴാക്കാനും; വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്നത് കൂടിവരുന്നു

Please complete the required fields.




കോഴിക്കോട് : ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഒരു ദിവസം പാഴാകുന്നത് 2,000 കിലോ ഗ്രാം ഭക്ഷണം. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് 1,500 കിലോഗ്രാം, മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 500 കിലോഗ്രാം എന്നിങ്ങനെയാണ് പാഴാകുന്ന ഭക്ഷണത്തിന്റെ ശരാശരി കണക്ക്. വിവിധ സംഘടനകൾ ഉൾപ്പെടെ വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങി അതിൽ കുറച്ചു കഴിച്ച് ഒഴിവാക്കുന്നതും കൂടിവരുന്നു.

പാഴാക്കുന്ന ഭക്ഷണം വൈകാതെ മാലിന്യമായി മാറി ഇതു സംസ്കരിക്കാൻ ജീവനക്കാർ ബുദ്ധിമുട്ടുന്നു. ഒന്നിലേറെ സ്ഥലത്തു നിന്നു ഭക്ഷണം വാങ്ങി ആവശ്യമുള്ളത് മാത്രം എടുത്ത് പല ഭാഗത്തായി വലിച്ചെറിയുന്നവരുമുണ്ട്. ഇങ്ങനെ വരുന്ന ഭക്ഷണപ്പൊതി ആശുപത്രിക്ക് അകത്തു മാത്രമല്ല പുറത്തും പലയിടത്തു കിടക്കുന്നു.

ആവശ്യമായതിലും കൂടുതൽ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്നതും പ്രശ്നത്തിനു കാരണമാകുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശരാശരി 1,400 മുതൽ 1,500 വരെ പേരാണ് കിടത്തിച്ചികിത്സയിൽ ഉണ്ടാകുന്നത്. ഇവർക്ക് ഒരാളെയാണ് കൂട്ടിരിപ്പിന് അനുവദിക്കുന്നത്. പലരുടെയും ഒപ്പം രണ്ടു പേരുണ്ട്. ഇങ്ങനെ വരുമ്പോൾ 4,000 മുതൽ 4,500 വരെ പേർ ഭക്ഷണം കഴിക്കുന്നു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 630 മുതൽ 650 വരെ പേരാണ് കിടത്തിച്ചികിത്സയിലുള്ളത്. ഇവിടെയും കൂട്ടിരിപ്പുകാരും പുറത്തു നിൽക്കുന്നവരുമായി 2,000 പേർ വരെ വരുന്നു. 

മെഡിക്കൽ കോളജ് ആശുപത്രിയിലെ അടുക്കളയുടെ മുൻവശത്തു രാവിലെ തന്നെ ഭക്ഷണ മാലിന്യം സംസ്കരിക്കാനായി മാറ്റിവയ്ക്കുന്നതു പതിവു കാഴ്ചയാണ്. തുറന്നു നോക്കി അതേ പടി പ്ലാസ്റ്റിക് കവറിലേക്കു മാറ്റിയിട്ട 10 മുതൽ 15 വരെ ഭക്ഷണപ്പൊതികൾ കിട്ടാറുണ്ടെന്നു ജീവനക്കാർ പറയുന്നു.

മെഡിക്കൽ കോളജിലെ 5 ബയോഗ്യാസ് പ്ലാന്റുകളിലൂടെയാണ് ഇതു സംസ്കരിക്കുന്നത്. ഭക്ഷണമെല്ലാം ഒരുമിച്ച് പ്ലാന്റിലിടാൻ പറ്റില്ല. അതിൽ നിന്ന് മുട്ടത്തോൽ, അച്ചാർ, മുളക് തുടങ്ങി അസിഡിറ്റി ഉണ്ടാക്കുന്നതെല്ലാം വേർതിരിക്കണം. 

ഇതിനു പുറമേ പലരും ഭക്ഷണ മാലിന്യത്തിനൊപ്പം ഉപയോഗിച്ച നാപ്കിൻ ഉൾപ്പെടെ കൊണ്ടിടുന്നു. ഇതെല്ലാം ഏറെ പ്രയാസപ്പെട്ടാണ് ജീവനക്കാർ വേർതിരിക്കുന്നത്. ബയോഗ്യാസ് പ്ലാന്റിൽ സംസ്കരിക്കാൻ പറ്റാത്തതും കൂടുതലായി വരുന്നതുമായ ഭക്ഷണ മാലിന്യം സംസ്കരിക്കുന്നതിന് തുമ്പൂർമുഴി മോഡൽ പദ്ധതിക്കായി കഴിഞ്ഞ വർഷം മെഡിക്കൽ കോളജിൽ നിന്ന് കോർപറേഷനിലേക്കു പദ്ധതി സമർപ്പിച്ചിട്ടുണ്ട്. ഇത് അനുവദിച്ചാൽ ജൈവവളം ഉൽപാദിപ്പിച്ച് വിൽപന നടത്താനും കൃഷിക്ക് ഉൾപ്പെടെ ഉപയോഗിക്കാനും പറ്റും.

Related Articles

Leave a Reply

Back to top button