ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ കൊവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങൾക്ക് നൽകിയതായി ആരോഗ്യ മന്ത്രാലയം. പാക്കേജിന്‍റെ പതിനഞ്ച് ശതമാനമായ 1827 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് നൽകിയത്. ഇതിൽ 26 കോടി 8 ലക്ഷം രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഏറ്റവും കൂടുതൽ നൽകിയിരിക്കുന്നത് ഉത്തർപ്രദേശിനാണ്. 281.98 കോടി രൂപയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 40,000 ത്തിന് മുകളിൽ തന്നെയായി തുടരുകയാണ്. 24 മണിക്കൂറിനിടെ 41, 649 പേർക്ക് രോഗം സ്ഥിരീകരിച്ചു. 593 പേർ കൊവിഡ് ബാധിച്ചു മരിച്ചു. 2.42 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതിനിടെ, കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള കേന്ദ്ര സംഘം ആലപ്പുഴയിലെത്തി പരിശോധന നടത്തി. നാഷനൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.സുജീത് സിംഗിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആലപ്പുഴയിലെത്തിയത്.
കളക്ടേറ്റിലെത്തിയ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതി വിലയിരുത്തും. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.