Thiruvananthapuram

ഒരേദിവസം സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിക്കാനൊരുങ്ങി ദമ്പതിമാർ

Please complete the required fields.




ആറ്റിങ്ങല്‍: ദമ്പതിമാര്‍ ഒരേദിവസം സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിക്കുന്നു. തിരുവനന്തപുരം ഡയറ്റ് പ്രിന്‍സിപ്പലായ ഡോ.ടി.ആര്‍.ഷീജാകുമാരിയും (56) ഭര്‍ത്താവ് ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട് മെന്റിലെ സീനിയര്‍ ഓഡിറ്റ് ഓഫീസറായ വി.വേണുകുമാറുമാണ് (60) 31-ന് സര്‍ക്കാര്‍ വിരമിക്കുന്നത്. വേണുകുമാറിന് 36 വര്‍ഷത്തെയും ഷീജാകുമാരിക്ക് 26 വര്‍ഷത്തെയും സര്‍വീസുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ വേണുകുമാര്‍ മികച്ച സേവനത്തിന് നാല് പ്രാവശ്യം കേന്ദ്രസര്‍ക്കാരിന്റെ മെറിറ്റോറിയസ് അവാര്‍ഡ് നേടിയിട്ടുണ്ട്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 11 തസ്തികകളില്‍ ജോലി ചെയ്തിട്ടുള്ള ഷീജാകുമാരി 12 ചുമതലകളും വഹിച്ചിട്ടുണ്ട്. എല്‍.പി.സ്‌കൂള്‍ അധ്യാപികയായി വിദ്യാഭ്യാസവകുപ്പില്‍ ജോലിയില്‍ ചേര്‍ന്ന ഷീജാകുമാരി 2020 മുതല്‍ തിരുവനന്തപുരം ഡയറ്റ് പ്രിന്‍സപ്പലിന്റെ പൂര്‍ണ്ണ അധികച്ചുമതല വഹിക്കുന്നയാളാണ്. വിരമിക്കുന്നതിന് മൂന്ന് ദിവസം മാത്രം ബാക്കിനില്ക്കുമ്പോഴാണ് ചൊവ്വാഴ്ച ഷീജാകുമാരിയെ പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായത്. മികച്ച ടീച്ചര്‍ എജ്യുക്കേറ്റര്‍ പുരസ്‌കാരജേതാവുകൂടിയാണ്.

അധ്യാപന രംഗത്തെന്നപോലെ സാഹിത്യരംഗത്തും ശോഭിച്ചിട്ടുള്ളയാളാണ് ഡോ.ടി.ആര്‍.ഷീജാകുമാരി. ഒരു കവിതാസമാഹാരവും ബാലസാഹിത്യകൃതികളുമായി 15 പുസ്തകങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് പുതിയ പുസ്തകങ്ങള്‍ അച്ചടിയിലാണ്. ആനുകാലികങ്ങളിലും എഴുതുന്നുണ്ട്.വിരമിച്ചശേഷം ടാക്‌സ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാനിഷ്ടപ്പെടുന്ന വേണുകുമാറും വിദ്യാഭ്യാസ-സാഹിത്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകാനിഷ്ടപ്പെടുന്ന ഷീജാകുമാരിയും സാമൂഹികപ്രവര്‍ത്തനങ്ങളും ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ആറ്റിങ്ങല്‍ എല്‍.എം.എസ്.ജങ്ഷന്‍ വൈഷ്ണവം വീട്ടില്‍ (കെ.പി.ആര്‍.എ-96) താമസിക്കുന്ന ഇരുവരും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കൃഷ്ണപുരം റസിഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റാണ് വേണുകുമാര്‍. ആറ്റിങ്ങലില്‍ സൗജന്യ മത്സരപരീക്ഷാ പരിശീലന കേന്ദ്രമുള്‍പ്പെടെയുള്ള മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ റസിഡന്‍സ് അസോസിയേഷനാണിത്. കാനഡയില്‍ ഡേറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്ന നിതിന്‍ വേണു, എഞ്ചിനീയറിങ് ബിരുദധാരിയായ നിരഞ്ജന വേണു എന്നിവരാണ് മക്കളാണ്.

Related Articles

Back to top button