
കണ്ണൂർ: ആറളം വനമേഖലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പതിമൂന്നാം ബ്ലോക്കിലെ ഗോപാലന്റെ ഷെഡ് കാട്ടാന തകർത്തു. ഇന്ന് പുലർച്ചെയാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാന ആക്രമണം നടത്തിയത്. വീടിനോട് ചേർന്നിരുന്ന ഷെഡാണ് കാട്ടാന പൂർണമായും തകർത്തത്.
അകത്ത് സൂക്ഷിച്ചിരുന്ന കൃഷി ഉപകരണങ്ങളും നശിച്ചു. വീട്ടുകാർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. ആറളത്ത് കഴിഞ്ഞ ദിവസവും കാട്ടാന ആക്രമണമുണ്ടായിരുന്നു. 11-ാം ബ്ലോക്കിലെ ഒരു വീടിന് നേരെയാണ് അന്ന് ആന ഇടഞ്ഞത്. തുടർച്ചയായി രണ്ട് ദിവസങ്ങളിലായി ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി നാശം വിതക്കുന്ന സാഹചര്യമാണ്.
ഒരാഴ്ചയായി പ്രദേശത്ത് ഒരേ കാട്ടാനയാണ് ശല്യം ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രധാനമായും രാത്രിയും പുലർച്ചെയുമാണ് ആനകൾ ഇറങ്ങുന്നത്. ഭക്ഷണവും വെള്ളവും തേടിയാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
തുടർച്ചയായ ആക്രമണത്തെ തുടർന്ന് നാട്ടുകാർ കടുത്ത ഭീതിയിലാണ്. രാത്രി സമയങ്ങളിൽ പുറത്തിറങ്ങാൻ പോലും പേടിച്ചാണ് കഴിയുന്നത്. കുട്ടികളെ സ്കൂളിൽ വിടാനും കൃഷിപ്പണിക്ക് പോകാനും ആളുകൾക്ക് മടിയാണ്.ഭീതി പടർത്തുന്ന മോഴ ആനയെ ഉടൻ മയക്കുവെടി വെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സ്ഥലത്ത് വനംവകുപ്പിന്റെ പട്രോളിംഗ് ശക്തമാക്കണമെന്നും റേഡിയോ കോളറുകൾ സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. കാട്ടാനയുടെ സഞ്ചാരപാത കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. നാശനഷ്ടത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു.





