Kottayam

സമയത്തെച്ചൊല്ലിയുണ്ടായ തർക്കം; സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്​പെൻഡ് ചെയ്തു

Please complete the required fields.




കോട്ടയം: സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തമ്മിലടിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്​പെൻഡ് ചെയ്തു. പാലാ ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

പിന്നാലെ മോട്ടോർ വാഹന വകുപ്പ് അധികൃതർ രണ്ട് വാഹനങ്ങളുടെയും ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു.
കോട്ടയം-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ആൻ്റണി, സീനായി എന്നീ ബസുകളിലെ ജീവനക്കാരാണ് പാലാ സ്റ്റാൻഡിൽ തമ്മിലടിച്ചത്. കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ജീവനക്കാർ ബസ് കൂട്ടിയിടിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.സംഭവത്തിന്റെ വീഡിയോ പകർത്തി യാത്രക്കാർ പാലാ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും അയച്ച് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലാ പൊലീസ് കേസടുത്തത്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ പി.ജി സുധീഷ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രണ്ട് ബസിലെയും ഡ്രൈവർമാരെയും കണ്ടക്ടർമാരെയും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ ഹിയറിങ്ങിനായി വിളിച്ചുവരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ബസുകളിലെയും കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനമായി. നാലുപേരെയും മോട്ടോർ വാഹന വകുപ്പിന്റെ ക്ലാസിന് അയക്കാനും നിർദേശമുണ്ട്.

Related Articles

Back to top button