Ernakulam

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; ഹോട്ടൽ ഉടമയ്ക്കുനേരെ വടിവാൾ വീശി ഭീഷണി

Please complete the required fields.




കൊച്ചി : കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയെ വടിവാൾ വീശി ഭീഷണിപ്പെടുത്തി.
കടവന്ത്ര ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലുടമയെയാണ് കാപ്പ കേസിൽ ഉൾപ്പെടെ പ്രതിയായിരുന്ന ദേവൻ എന്നയാൾ വടിവാൾ വീശി ഭീഷണിപ്പെടുത്തിയത്. ഇയാളെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ദേവനും സുഹൃത്തും ഭക്ഷണം കഴിക്കാനായി എത്തിയത്.ബിരിയാണിയാണ് ഇരുവരും കഴിച്ചത്. സമീപവാസികളായ ഇവർ ഇടക്കിടെ കഴിക്കാനെത്തുന്നവരാണെന്ന് ഹോട്ടലുടമ പറയുന്നു. എന്നാൽ ഇന്നലെ ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങുമ്പോൾ പണം ചോദിച്ചതോടെ ദേവൻ കുപിതനായി എളിയിൽനിന്ന് വടിവാളൂരി കുത്താൻ ആയുന്നതും കടയുടമയോടു കയർക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ കാണാം.പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നു സംശയം തോന്നിയതിനാൽ വളരെ സംയമനത്തോടെയായിരുന്നു കടയുടമയുടെ സമീപനം.

ഞായറാഴ്ചയായതിനാല്‍ കടയിൽ നല്ല തിരക്കുണ്ടായിരുന്ന സമയത്തായിരുന്നു വടിവാൾ വീശലും അസഭ്യവും ഭീഷണിയും. ഒന്നര മണിക്കൂറോളം കടയുടെ പ്രവർത്തനം തടസപ്പെട്ടതായും കടയുടമ പറഞ്ഞു.പ്രതി സ്ഥലത്തുനിന്നു പോയി 10 മിനിറ്റിനകം കടവന്ത്ര പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്നാണ് ദേവനെ പിടികൂടിയത്. ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

Related Articles

Back to top button