
കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയതിലൂടെ പ്രധാന അധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകണമെന്നും തുക മുൻകൂറായി നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ്.
കെ.പി.എസ്.ടി.എ ഉൾപ്പെടെയുള്ള അധ്യാപക സംഘടനയാണ് കോടതിയെ സമീപിച്ചത്. നിലവിൽ നിശ്ചയിച്ചിട്ടുള്ള തുകയിൽ കൂടുതൽ ചെലവ് വന്നാൽ ആര് വഹിക്കുമെന്നതിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്നായിരുന്നു നേരത്തെ സർക്കാർ അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് നിലപാടെടുത്ത കോടതി കുടിശികയ്ക്ക് പലിശ അടക്കം നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.





