നാദാപുരത്തെ സ്ഫോടനം; ബോംബ് സ്ക്വാഡ് പരിശോധന തുടങ്ങി, പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം വരും

കോഴിക്കോട്: കഴിഞ്ഞദിവസം നാദാപുരത്ത് പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ഉണ്ടായ സ്ഫോടനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന ആരംഭിച്ചു. തുണേരി മുടവന്തേരിയിലാണ് പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പ് കത്തി നശിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ പടക്കം പൊട്ടിക്കുന്നതിന് പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചന. ഉഗ്ര ശേഷിയുള്ള പടക്കങ്ങൾ പൊട്ടിക്കുന്നതിനാണ് നിയന്ത്രണം വരുന്നത്. ഇന്ന് തന്നെ പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ വിഷു ആഘോഷത്തിന്റെ ഭാഗമായും നിരവധി സ്ഥലങ്ങളിൽ പടക്കം പൊട്ടിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടപെട്ട് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നത്. സ്ഫോടനത്തിൽ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. പുലര്‍ച്ചെ ഒന്നരയോടെ റോഡില്‍ വെച്ച് യുവാക്കള്‍ പടക്കം പൊട്ടിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ പടക്കം സൂക്ഷിച്ചിരുന്നു.
പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിലേക്ക് തീപടരുകയും സ്ഫോടനം ഉണ്ടാകുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടനത്തിന്റെ ആഘാതത്തിൽ ജീപ്പിന്റെ പല ഭാഗങ്ങളും മീറ്ററുകളോളം ദൂരത്ത് തെറിച്ചുവീണ നിലയിലാണ്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ നാദാപുരം മുടവന്തേരി സ്വദേശികളാണ്. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടേയും പരിക്ക് ഗുരുതരമല്ല. പൊതു സ്ഥലത്ത് റോഡില്‍വെച്ചാണ് യുവാക്കള്‍ പടക്കം പൊട്ടിച്ചത്. അർദ്ധരാത്രിയുണ്ടായ സ്ഫോടനത്തിൽ മുസ്ലിംലീഗ് പ്രവർത്തകർ ഉൾപ്പെടെ16 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മുഹമ്മദ് ആഷിഖ് കണ്ടോത്ത്, സജീർ ചട്ടന്റെവിട, ഫവാസ് ചട്ടന്റെവിട, ആഷിഖ് മുച്ചിലോട്ടുമ്മൽ, അജിനാസ് കണിയാട്ടുമ്മൽ,നൗഫൽ മുടവന്തേരി, തുടങ്ങിയവരുൾപ്പെടെ കണ്ടാലറിയുന്ന പത്തുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എക്സ്പ്ലോസീവ് ആക്ട് പ്രകാരമാണ് കേസ്സ്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് നാദാപുരം പൊലീസ് അറിയിച്ചു. അതിനിടെ, കഴിഞ്ഞദിവസം അപകടം നടന്ന തൂണേരി പഞ്ചായത്തിലെ മുടവന്തേരി ഭാഗത്ത് ബോംബ് സ്ക്വാഡിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്.





