
കൊടുവള്ളി: നിയോജകമണ്ഡലത്തില്‍ ഡോ.എം.കെ മുനീര്‍ എംഎല്‍എ നടപ്പാക്കുന്ന ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ഇന്ന് എളേറ്റില്‍ മെര്സുല ഓഡിറ്റോറിയത്തില്‍ ഹെഡ് ടോക്ക് സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ കെഇഎഫ് ഹോള്‍ഡിംഗ്സ് ചെയര്മാന് ഫൈസല്‍ കൊട്ടിക്കൊള്ളോന് , വൈസ് ചെയര്മാന് ഷബാന ഫൈസല്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കുമെന്ന് ഡോ.എം.കെ മുനീര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
മണ്ഡലത്തിലെ പ്രൈമറി സ്കൂള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ പദ്ധതിയുടെ ഭാഗമാകും. കോഴിക്കോട് ഐഐഎമ്മിന്റെ സഹകരണത്തോടെയാണ് ഉന്നതി പദ്ധതി നടപ്പാക്കുന്നത്. ഉന്നതി ഹെഡ് ടോക്ക് വര്‍ഷത്തില്‍ രണ്ടുതവണ നടക്കും. വിദ്യാഭ്യാസ വിചക്ഷണര്‍, സംരംഭകര്‍, ശാസ്ത്രജ്ഞര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ സെമിനാറുകള്‍ നയിക്കും.
തെരഞ്ഞെടുക്കപ്പെട്ട കോളജ്, സ്കൂള്‍ വിദ്യാര്‍ഥികളാണ് ഹെഡ് ടോക്കില്‍ പങ്കാളികളാവുക.
പൊതുജനങ്ങള്‍ക്ക് പങ്കെടുക്കുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയതായും മുനീര്‍ പറഞ്ഞു. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ദേശീയ അന്തര്‍ദേശീയ മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.
വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കൊടുവള്ളി, പന്നൂര് ഹൈസ്കൂളുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് തുടങ്ങും. തൊഴില്‍ രഹിതമായ മണ്ഡലമായി കൊടുവള്ളിയെ മാറ്റും. ഏതു പ്രശ്നങ്ങളുണ്ടായാലും കൊടുവള്ളിയെ മുദ്രകുത്തുന്ന അവസ്ഥ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് മുനീര്‍ പറഞ്ഞു





