
തിരുവനന്തപുരം: മലയോര കാർഷിക മേഖലയിലെ രൂക്ഷമായ കാട്ടുപന്നി ശല്യം നേരിടുന്നതിന് കർഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കുന്നതിനായി 2016ലെ ആയുധ ചട്ടങ്ങൾ പ്രകാരം വിജ്ഞാപനം ഇറക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിയമസഭയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ സബ്മിഷന് മറുപടി നല്കുകയായിരുന്നു മുഖ്യമന്ത്രി.
മലയോരമേഖലയിൽ കാട്ടുപന്നി അടക്കമുള്ള വന്യജീവികളുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം നേരിടുന്ന സാഹചര്യത്തിൽ മേഖലയിലെ കർഷകർക്ക് ആശ്വാസം പകരുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. നിലവിൽ പരിമിതമായ കർഷകർക്ക് മാത്രമാണ് തോക്ക് ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്. ഇത് തീർത്തും അപര്യാപ്തമായ സാഹചര്യത്തിലാണ് എം.എൽ.എ കർഷകരുടെ ആശങ്ക നിയമസഭയിൽ ചൂണ്ടിക്കാട്ടിയത്.





