കോഴിക്കോട് പേരാമ്പ്രയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം, മൂന്നു പ്രതികള്‍ കൂടി പിടിയില്‍

പേരാമ്പ്ര:പേരാമ്പ്രയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവില്‍ പോയ മൂന്നു പ്രതികള്‍ കൂടി പൊലീസ് പിടിയിലായി. മാര്‍ച്ച് ആറാം തീയതി പേരാമ്പ്ര വാല്യക്കോട് വെച്ച്ആണ് എസ് ടിയു സംസ്ഥാന പ്രസിഡണ്ടായ എം.കെ.സി കുട്ട്യാലിയുടെ മകന്‍ മെഹനാസ്, മുഹമ്മദ് അസ്ലം എന്നിവരെ ഗള്‍ഫിലെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ കാറില്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്.
ഈ കേസില്‍ ആറു മാസമായി സംസ്ഥാനത്തിനകത്തും പുറത്തുമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന തെക്കേടത്ത് കടവ് ഇപ്പിച്ചി റഫീക്ക് എന്ന കുന്നത്ത് റഫീഖ് (35) പുറവൂര്‍ എടവലത്ത് ഷറീജ് (36) പേരാമ്പ്ര ചേനോളി ഏച്ചിക്കണ്ടി ഇസ്മയില്‍ (42) തുടങ്ങിയവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ പി. ജംഷിദിന്റെ നിര്‍ദേശപ്രകാരം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി.എം. സുനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ വി.സി. ശ്രീജിത്ത് എന്നിവരാണ് പ്രതികളെ തന്ത്രപരമായി കസ്റ്റഡിയിലെടുത്തത്.
സബ് ഇന്‍സ്‌പെക്ടര്‍ ഷമീറാണ് കേസന്വേഷിക്കുന്നത്. ഇതില്‍ ഇപ്പിച്ചി റഫീക്ക്, ഷറീജ് എന്നിവര്‍ പോക്‌സോ കേസിലെ പ്രതികളാണ്. ഷറീജ് ഈ കേസിലും ഒളിവിലായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കേസില്‍ മൂന്ന് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.





