Kerala

നഗ്ന വിഡിയോ പകർത്തി ഭീഷണി; ലൈംഗികമായി പീഡിപ്പിച്ച് 30 ലക്ഷം തട്ടിയ പ്രതി 13 വർഷത്തിന് ശേഷം അറസ്റ്റിൽ

Please complete the required fields.




തിരുവല്ല: സൗഹൃദം സ്ഥാപിച്ച് യുവതിയുടെ നഗ്ന വിഡിയോ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒളിവിൽ ആയിരുന്ന പ്രതിയെ 13 വർഷത്തിനു ശേഷം തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി സുരേഷ് കെ നായർ( 54) ആണ് പിടിയിലായത്. 2011ൽ ആയിരുന്നു കേസിനാസ്പദ സംഭവം. 2009ൽ തിരുവല്ലയിലെ തോട്ട ഭാഗത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ സന്ദർശനത്തിന് എത്തിയ സുരേഷ് അയൽവാസിയായ യുവതിയുമായി സൗഹൃദത്തിലായി.

ഭർത്താവ് വിദേശത്തുള്ള യുവതിയുമായി അടുപ്പം സ്ഥാപിച്ച ഇയാൾ അവരറിയാതെ നഗ്ന വിഡിയോ പകർത്തി. പിന്നീട് ഈ വിഡിയോ യുവതിക്ക് അയച്ചു കൊടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലായി എത്തിച്ചു ബലാത്സംഗം ചെയ്യുകയും പണം തട്ടിയെടുക്കുകയുമായിരുന്നു.

അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട വിവരം വിദേശത്തു നിന്ന് അവധിക്ക് എത്തിയ ഭർത്താവ് അറിഞ്ഞു. ഭർത്താവ് ചോദ്യം ചെയ്തതിന് ​തുടർന്നാണ് സംഭവങ്ങൾ പുറത്തുവന്നത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ സുരേഷ് മുംബൈയിലേക്ക് മുങ്ങി.

വിവിധ സ്ഥലങ്ങളിൽ വ്യാജ മേൽവിലാസത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുരേഷിനെ തിരുവല്ല ഡി.വൈ.എസ്.പി എസ്. അഷാദ്, സി. ഐ ബി. സുനിൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം എറണാകുളത്തു നിന്ന് പിടി കൂടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button