Ernakulam

ലോഡ് ഷെ‌ഡിം​ഗിൽ ജനങ്ങളുടെ പ്രതിഷേധം; ജീവന് സുരക്ഷ ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ജീവനക്കാർ

Please complete the required fields.




കൊച്ചി: സംസ്ഥാനത്ത് ലോഡ് ഷെ‌ഡിം​ഗിനെതിരായ ജനങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജീവന് സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതി. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് പൊലീസിൽ പരാതി നൽകിയത്.

കറന്റ് പോകുന്നതിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനാൽ രാത്രി സമയത്ത് ജീവനക്കാരുടെയും ഓഫീസിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബോർഡ് അധികൃതർ ആലുവ സർക്കിൾ ഇൻസ്പെക്ടർക്ക് കത്ത് നൽകിയത്. സാങ്കേതിക പ്രശ്നങ്ങളാല്‍ വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടെന്നും തുടർന്ന് ജനങ്ങള്‍ ഓഫീസിലെത്തി ഉദ്യോ​ഗസ്ഥരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നുവെന്നും കത്തിൽ ജീവനക്കാർ വ്യക്തമാക്കുന്നുണ്ട്.

വൈദ്യുതി മുടങ്ങിയതോടെ സംസ്ഥാനത്ത് പലയിടത്തും കെഎസ്ഇബി ഓഫീസുകളിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. തിങ്കളാഴ്ച രാത്രി പലതവണ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് തൃശൂർ എരുമപ്പെട്ടിയിലെ കെഎസ്ഇബി ഡിവിഷൻ ഓഫീസിൽ അർധരാത്രി നാട്ടുകാരുടെ വൻ പ്രതിഷേധമുണ്ടായിരുന്നു. രാത്രി 11 മണിയേ‍‍ാടെ ആരംഭിച്ച പ്രതിഷേധവും വാഗ്വാദവും പുലർച്ചെ രണ്ടര വരെ തുടർന്നു.

കോഴിക്കോട് പന്നിയങ്കര കെഎസ്ഇബി ഓഫീസിലും പ്രതിഷേധമുണ്ടായി. പുലര്‍ച്ചെ രണ്ടുമണിക്ക് പ്രതിഷേധവുമായി യൂത്ത് ലീഗ് എത്തുകയായിരുന്നു. നാദാപുരം സബ്സ്റ്റേഷനിലും പ്രതിഷേധമുണ്ടായി. മെഴുകുതിരി കത്തിച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
അതേസമയം, സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡിംഗ് അധിക നാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ 200 മെഗാവാട്ടിന്‍റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നുമാണ് കെഎസ്ഇബി അറിയിക്കുന്നത്.
നിലയത്തിലെ അറ്റകുറ്റപ്പണി മൂലം കഴിഞ്ഞ ദിവസം ഇത് മുടങ്ങിയിരുന്നു. നേരത്തേയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനൽ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു.

മെയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അപ്പോഴേക്കും കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂർണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

Related Articles

Back to top button