
കോഴിക്കോട്: കത്തുന്ന വെയിലിൽ പൊള്ളുകയാണ് കോഴിക്കോട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ചൂട് ഇപ്പോൾ ഒന്നുകൂടി കനത്തു. സാധാരണരീതിയിൽ അനുഭവപ്പെടേണ്ട ശരാശരി ചൂട് 33.3 ഡിഗ്രി ആണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും 35 ഡിഗ്രി പിന്നിട്ടിരിക്കുകയാണിത്. കാലാവസ്ഥാവകുപ്പിന്റെ പ്രവചനപ്രകാരം 20 വരെ ഇതേ രീതിയിൽ ചൂട് തുടരുമെന്നാണ് സൂചന.
തിങ്കളാഴ്ച 35.8 ഡിഗ്രിയായിരുന്നു ചൂട്. ഞായറാഴ്ച 36-ൽ എത്തി. ഇത്തവണ മാർച്ചിൽ അനുഭവപ്പെട്ട കൂടിയ ചൂടായിരുന്നു അത്. ഈ മാസം കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത് 23.5 ആണ്. കഴിഞ്ഞ 10 വർഷത്തെ കോഴിക്കോട്ടെ കണക്കെടുത്താൽ മാർച്ചിൽ ഇതിനുമുമ്പും പലപ്പോഴും 36 ഡിഗ്രിക്ക് മേലെയെത്തിയിട്ടുണ്ട് ചൂട്. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 2016-ൽ ആണ്. അന്ന് മാർച്ച് 14-ന് 38.6 ഡിഗ്രിയായിരുന്നു ചൂട്.
2020 മാർച്ച് 18-ന് 37.8 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. 2021-ൽ 35.8 ഡിഗ്രി, 2019-ൽ 37, 2018-ൽ 37.2, 2017-ൽ 37.7, 2015-ൽ 36.8, 2014-ൽ 36.4, 2013-ൽ 36.1 എന്നിങ്ങനെയായിരുന്നു മാർച്ചിലെ കൂടിയ ചൂട്. 10 വർഷത്തിനിടെ അനുഭവപ്പെട്ട കുറഞ്ഞ ചൂട് 23 ഡിഗ്രിയായിരുന്നു-2012 മാർച്ച് നാല്, അഞ്ച് തീയതികളിൽ. മറ്റുവർഷങ്ങളിൽ 24-25 ഡിഗ്രിക്കുള്ളിലായിരുന്നു കുറഞ്ഞ ചൂട്.





