
കോഴിക്കോട് : മുളകൊണ്ട് മടഞ്ഞ കുഞ്ഞുകൊട്ടകളിൽ കായ വറുത്തതും ശർക്കര ഉപ്പേരിയും ചക്കവറുത്തതും ചുക്കപ്പവും, മുറങ്ങളിൽവിരിച്ച വാഴയിലയിൽ കോഴിക്കോടൻ ഹൽവയും കണ്ണുവെച്ച പത്തിരിയും പൊറോട്ടയും ഇരുമ്പുതവികളിൽ ആട് നിറച്ചതും മീൻനിറച്ചതും, കലങ്ങളിൽ മാങ്ങയിട്ട മീൻകറിയും പാൽക്കപ്പയും നെയ്ച്ചോറും… കോഴിക്കോടിന്റെ തനതുവിഭവങ്ങൾ രുചിക്കാനെത്തിയ 19 രാജ്യങ്ങളിൽനിന്നുള്ള ബ്ലോഗർമാർക്ക് മുന്നിൽനിരന്നത് 35-ഓളം വിഭവങ്ങൾ.
തിരഞ്ഞെടുക്കപ്പെട്ട 25 അന്താരാഷ്ട്ര ബ്ലോഗർമാരുമായി സംസ്ഥാന സർക്കാരിന്റെ കേരള ബ്ലോഗ് എക്സ്പ്രസ് ഞായറാഴ്ച ഉച്ചയോടെയാണ് ബീച്ചിലെ ‘ആദാമിന്റെ ചായക്കട’യിലെത്തിയത്. കായവറുത്തതും ശർക്കര ഉപ്പേരിയും ഹൽവയും രുചിച്ചായിരുന്നു തുടക്കം. ഇഷ്ടപ്പെട്ട വിഭവങ്ങൾ വിളമ്പിക്കഴിക്കാൻ പാളപ്ലേറ്റുകളും ഒരുക്കിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ മേയർ ബീനാ ഫിലിപ്പും എത്തി. കോഴിക്കോടൻവിഭവങ്ങൾ എങ്ങനെയുണ്ടെന്നന്വേഷിച്ച മേയറോട് രുചികളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നെന്നും എല്ലാം നന്നായി ആസ്വദിച്ചെന്നും ബ്ലോഗർമാരുടെ മറുപടി.
കോഴിക്കോട്ടെ എല്ലാവിഭാഗക്കാരുടെയും പരമ്പരാഗതവിഭവങ്ങളുടെ ഒരു ‘മിക്സാ’ണ് ഒരുക്കിയതെന്ന് ഹോട്ടലിന്റെ എം.ഡി. അനീസ് ആദം പറഞ്ഞു. കോഴിക്കോട് ബീച്ചിൽ ഇറങ്ങി തീരത്തെ മഴ ആസ്വദിച്ചസംഘം ഗുജറാത്തി സ്ട്രീറ്റും സന്ദർശിച്ചു. തുടർന്ന് സി.വി.എൻ. കളരിയിലെ കളരിയാശാൻമാർ തീർത്ത കളരിപ്പയറ്റും ബ്ലോഗർമാരുടെ സംഘം വീക്ഷിച്ചു. രാവിലെ 11 മണിയോടെയായിരുന്നു സംഘം കോഴിക്കോട് സി.വി.എൻ കളരിയിലെത്തിയത്. പ്രദർശനത്തിനുശേഷം കളരിയെക്കുറിച്ചും അടവുകളെക്കുറിച്ചും ചോദിച്ചറിയുകയും വിവിധ കളരി ചികിത്സാരീതികളെപ്പറ്റി മനസ്സിലാക്കുകയും ചെയ്തു.
അർജന്റീന, ഓസ്ട്രേലിയ, ബെൽജിയം, ബ്രസീൽ, ബൾഗേറിയ, ചിലി, ഇറ്റലി, റൊമാനിയ, യു.എസ്., യു.കെ., നെതർലൻഡ്സ്, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇൻഡൊനീഷ്യ, ന്യൂസീലൻഡ്, തുർക്കി, കൊളംബിയ എന്നിവിടങ്ങളിൽനിന്നുള്ള ബ്ലോഗർമാർ സംഘത്തിലുണ്ട്.
രക്ഷ റാവു, സോംജിത് ഭട്ടാചാര്യ എന്നിവരാണ് ഇന്ത്യയിൽനിന്നുള്ളത്. കേരളത്തിന്റെ സൗന്ദര്യം നേരിട്ടറിയാനും ലോകത്തെ അറിയിക്കാനുമായി തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച യാത്ര കാസർകോട്ട് അവസാനിക്കും.





