
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാങ്ങാട്ടിടം നവാസ് മൻസിലിൽ അർഷാദ് പള്ളിക്കണ്ടിയെ (31) യാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമ പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്കെതിരെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ ദേഹോപദ്രവം, കൊലപാതകശ്രമം, ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിനെ ഭീഷണിപ്പെടുത്തൽ, വാഹനമിടിച്ച് പരിക്കേൽപ്പിക്കൽ, സ്പോടകവസ്തു കൈകാര്യം ചെയ്യൽ, ആയുധം കൈവശം വെക്കൽ എന്നിങ്ങനെ അഞ്ച് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.





