Kozhikode

പള്ളിയിൽ മോഷണം; കൗമാരക്കാരൻ നാട്ടുകാരുടെ പിടിയിൽ

Please complete the required fields.




താമരശ്ശേരി : പള്ളിയിൽ പട്ടാപ്പകൽ മോഷണം നടത്തിയ കൗമാരക്കാരനെ പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടി. തച്ചംപൊയിൽ ചാലക്കര ജുമാഅത്ത് പള്ളിയിൽ കയറി എണ്ണായിരത്തോളം രൂപ മോഷ്ടിച്ച പതിനേഴുകാരനെയാണ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രദേശവാസികൾ തന്നെ കണ്ടെത്തിയത്.

കറങ്ങാനെടുത്ത് തകരാറിലായ സുഹൃത്തിന്റെ കാർ നന്നാക്കാൻ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയിലാണ് കൗമാരക്കാരൻ മോഷണം നടത്തിയത്. അപഹരിച്ച പണം കണ്ടെത്തുകയും പൗരപ്രമുഖർ വിഷയത്തിൽ ഇടപെടുകയും ചെയ്തതോടെ വിദ്യാർഥിയുടെ ഭാവിയെക്കരുതി പള്ളി അധികൃതർ നിയമനടപടി തത്കാലത്തേക്ക് വേണ്ടെന്ന് വെക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് ബൈക്കിലെത്തിയ കൗമാരക്കാരൻ പള്ളിയുടെ അകത്തുകയറി ഇമാമിന്റെ മുറിയിൽ സൂക്ഷിച്ച പണം അപഹരിച്ചത്. പള്ളിയ്ക്കകത്തുണ്ടായിരുന്ന താക്കോൽകൂട്ടമെടുത്ത് മുകൾനിലയിലെ ഇമാമിന്റെ മുറിയുടെ വാതിൽ തുറക്കുകയും മേശയിലുണ്ടായിരുന്ന പണം മോഷ്ടിക്കുകയുമായിരുന്നു.

പണം എടുത്ത് ബൈക്കിൽ കടന്നുകളഞ്ഞ കുട്ടിയുടെ ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. ഇമാം മുറിയിലെ സാധനങ്ങൾ സ്ഥാനം മാറിയത് കണ്ട് നോക്കിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചതിനെത്തുടർന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെമുതൽ തിരച്ചിൽ നടത്തുകയും ഉച്ചയോടെ ആളെ കണ്ടെത്തുകയുമായിരുന്നു.

Related Articles

Leave a Reply

Back to top button