Kozhikode

ഗിന്നസ് വേൾഡ് റെക്കോർഡ് അറ്റംറ്റ്: ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കയ്യെഴുത്ത് പ്രദർശനം ഡിസംബർ 17ന് കോഴിക്കോട്

Please complete the required fields.




കോഴിക്കോട്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ വിദ്യാർഥിയായ മുഹമ്മദ് ജസീം ചെറുമുക്ക് പൂർണ്ണമായും കൈകൊണ്ട് എഴുതി തയ്യാറാക്കിയ 1104.45 മീറ്റർ നീളമുള്ള ഖുർആൻ ‘ലോങ്ങസ്റ്റ് ഹാൻഡ് റിട്ടൻ ഖുർആൻ‘ എന്ന കേറ്റഗറിയിൽ ഗിന്നസ് വേൾഡ് റെക്കോർഡിനായി അറ്റംറ്റ് നടത്തുകയാണ്.

ഡിസംബർ 17 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 വരെ കോഴിക്കോട് സൗത്ത് ബീച്ചിൽ വെച്ച് നടക്കുന്ന റെക്കോർഡ് അറ്റംറ്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഓൾ ഗിന്നസ് റെക്കോഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ്) സംസ്ഥാന പ്രസിഡന്റ്‌ ഗിന്നസ് സത്താർ ആദൂർ, സെക്രട്ടറി ഡോ.ഗിന്നസ് സുനിൽ ജോസഫ് എന്നിവർ നിരീക്ഷകരാകും. നിലവിലുള്ള ഗിന്നസ് റെക്കോർഡ് ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് ഗബ്രിയാലിന്റെ പേരിലുള്ള 700 മീറ്ററിന്റെതാണ്. അഞ്ചുവർഷം പഴക്കമുള്ള ഈ റെക്കോർഡ് മറി കടക്കാനാണ് കാലിഗ്രാഫർ കൂടിയായ മുഹമ്മദ് ജസീം ചെറുമുക്കിന്റെ ശ്രമം.

കോവിഡ് കാലത്ത് ആരംഭിച്ച ഉദ്യമം രണ്ട് വർഷത്തെ നിരന്തരമായ പരിശ്രമത്തിലൂടെയാണ് പൂർത്തീകരിച്ചത് . തുടർന്ന് കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഗിന്നസ് അറ്റംറ്റിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുകയും നവംബറിൽ ഗിന്നസ് ആസ്ഥാനമായ ലണ്ടൻ ഓഫീസിൽ നിന്ന് അനുമതി ലഭിക്കുകയും ചെയ്തു. 1990 പേജുകൾ കൂട്ടിയോജിപ്പിച്ച് നൂറിലധികം ജപ്പാൻ നിർമ്മിത സിഗ് കാലിഗ്രഫി പേനകൾ ഉപയോഗിച്ചാണ് ജസീം ഖുർആൻ എഴുതി പൂർത്തിയാക്കിയത്. 118.300 കിലോഗ്രാം തൂക്കവും ഇതിനുണ്ട്.

ലോക അറബിക് ദിനത്തോടനുബന്ധിച്ച് റെക്കോർഡ് അറ്റംറ്റ് സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലപ്പുറം ജില്ലയിലെ ചെറുമുക്ക്, മാട്ടുമ്മൽ വീട്ടിൽ മുഹ്‌യുദ്ധീൻ ആസ്യ ദമ്പതികളുടെ നാലാമത്തെ മകനായ മുഹമ്മദ് ജസീം. ചടങ്ങിൽ മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ജാമിഅ പ്രൊഫസർ മുഹമ്മദ് ളിയാഉദ്ദീൻ ഫൈസി, സ്വലാഹുദ്ദീൻ ഫൈസി വെന്നിയൂർ, മുജ്‌തബ ഫൈസി, മാട്ടുമ്മൽ മുഹ്‌യുദ്ദീൻ, മുഹമ്മദ് ജസീം എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button