
കൂരാച്ചുണ്ട് : ജില്ലാപഞ്ചായത്ത് കക്കയം ഡാം സൈറ്റ് കേന്ദ്രത്തിൽ നിർമിച്ച ഹൈഡൽ ടൂറിസം ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം നാലിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിർവഹിച്ചു. ജില്ലാപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 25 ലക്ഷംരൂപ ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്.
കക്കയം ഡാം സൈറ്റ് മേഖലയിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾക്കാവശ്യമായ ശൗചാലയസൗകര്യമില്ലാത്തതും, മാസങ്ങൾക്കുമുൻപ് നിർമാണം തുടങ്ങിയ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നുകൊടുക്കാത്തതുസംബന്ധിച്ചും ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മാസങ്ങൾക്കുമുൻപ് കെട്ടിടംപണി പൂർത്തീകരിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി ഉദ്ഘാടനംചെയ്യാതിരുന്നതുകാരണം ടൂറിസ്റ്റുകൾക്ക് കെട്ടിടം തുറന്നുകൊടുത്തിരുന്നില്ല.





