
കോഴിക്കോട് : വെയിലിന്റെ ചൂടിനും ഉള്ളിൽ ആളുന്ന ആശങ്കയ്ക്കുമിടയിൽ പാചകവാതക വർധനവിനെതിരേ ആദായനികുതി ഓഫീസിനു മുൻപിൽ പ്രതിഷേധജ്വാല തീർത്ത് ജില്ലയിലെ ഹോട്ടൽ വ്യാപാരികൾ. വാണിജ്യ സിലൻഡറുകളുടെ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ (കെ.എച്ച്.ആർ.എ.) നേതൃത്വത്തിൽ ബുധനാഴ്ച നടന്ന 24 മണിക്കൂർ കടയടപ്പു സമരത്തിന്റെ ഭാഗമായാണ് ജില്ലാകമ്മിറ്റി പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിച്ചത്.
നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്ത ധർണയിൽ അഞ്ചുമാസം മുൻപ് 1684 രൂപയുണ്ടായിരുന്ന 19 കിലോഗ്രാം സിലൻഡറിന് 3200 രൂപയോളമായതു കാരണം ഹോട്ടൽ, കാറ്ററിങ് മേഖലയിലുണ്ടായ പ്രശ്നങ്ങൾ ഒാരോന്നായി നേതാക്കൾ ചൂണ്ടിക്കാട്ടി.
ധർണ കെ.എച്ച്.ആർ.എ. സംസ്ഥാന വർക്കിങ് പ്രസിഡന്റ് എം. സുഗുണൻ ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് യു.എസ്. സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാനസെക്രട്ടറി രൂപേഷ് കോളിയാട്ട്, ജില്ലാ സെക്രട്ടറി സാദിഖ് സഹാറ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽസെക്രട്ടറി വി. സുനിൽ കുമാർ, വ്യാപാരി വ്യവസായി സമിതി സംസ്ഥാനകമ്മിറ്റിയംഗം വരുൺ ഭാസ്കർ, കാറ്ററിങ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയംഗം പ്രേംചന്ദ്, ഫുഡ് ഓപ്പറേറ്റേഴ്സ് ഓപ്പൺ ഡയസ് സംസ്ഥാനസെക്രട്ടറി എൻ.വി. അബ്ദുൽ ജബ്ബാർ, വ്യപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് ജംഷാദ് അലി, കെ.എച്ച്.ആർ.എ. ഭാരവാഹികളായ നസീർ ഗസാനിയ, ആഷിഖ്, പവിത്രൻ കുറ്റ്യാടി എന്നിവർ സംസാരിച്ചു.
ഹോട്ടലുകൾ അടഞ്ഞുകിടന്നതോടെ ബുധനാഴ്ച നഗരത്തിലെത്തിയ പലരും ഭക്ഷണംകഴിക്കാൻ സ്ഥലങ്ങളന്വേഷിക്കുന്ന സ്ഥിതിയായിരുന്നു. സിവിൽ സ്റ്റേഷൻ, ജില്ലാകോടതി, ആശുപത്രികൾ, ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള കാന്റീനുകളും അപൂർവം ചില ചായക്കടകളും മാത്രമാണ് പ്രവർത്തിച്ചത്.
ഹോട്ടലുകൾ അടഞ്ഞുകിടന്നതിനാൽ ഫുഡ് ഡെലിവറി ആപ്പുകൾ ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യാനാവാത്ത സ്ഥിതിയായിരുന്നു.





