Kozhikode

കോഴിക്കോട് അയല്‍വാസിയുടെ വീട്ടില്‍ കയറി അക്രമം; യുവാവ് അറസ്റ്റില്‍

Please complete the required fields.




കോഴിക്കോട് : മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ വീട്ടില്‍ക്കയറി അക്രമംനടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. അമ്പലക്കുന്നേല്‍ ബബീഷിനെ (33) ആണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. 26-ന് രാത്രി ഒമ്പതോടെ സമീപവാസിയായ അമ്പലകുന്നേല്‍ സോമന്റെ വീട്ടിലാണ് അക്രമംനടത്തിയത്. സോമന്‍ വീട്ടിലെ കോലായില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ബബീഷ് വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ഇടിക്കട്ടയും വടിയും ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

നെറ്റിക്ക് മുറിവേറ്റ സോമനും കുടുംബാംഗങ്ങളും ഓടിരക്ഷപ്പെട്ടപ്പോള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അടുക്കളയില്‍ കയറിയ യുവാവ് ചോറ് പാത്രം നിലത്തിട്ട് ചവിട്ടുകയും ചോറിലേക്ക് മൂത്രമൊഴിക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു. ആശുപത്രിയില്‍നിന്ന് രാത്രി തിരിച്ചെത്തിയ സോമനും കുടുംബവും അക്രമം ഭയന്ന് അടുത്തുള്ള വീട്ടിലാണ് കിടന്നുറങ്ങിയത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തി. ചായ തയ്യാറാക്കാന്‍ നോക്കുമ്പോള്‍ പ്രതി ചായപ്പാത്രം വലിച്ചെറിയുകയും ഇനി ഭക്ഷണം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിമുഴക്കിയതായും പരാതിയുണ്ട്.

പ്രതിയുടെ വീട്ടിലെ പട്ടി അയല്‍വാസിയെ കടിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് ആക്രമണത്തിന് കാരണമെന്നും വധശ്രമക്കേസ് ഉള്‍പ്പെടെ രണ്ടുകേസുകളില്‍ക്കൂടി പ്രതിയാണ് ബബീഷെന്നും പോലീസ് പറഞ്ഞു. പെരുവണ്ണാമൂഴി ഇന്‍സ്പെക്ടര്‍ പി. അരുണ്‍ ദാസ്, എസ്.ഐ.മാരായ ജിതിന്‍വാസ്, കെ.കെ. കുഞ്ഞമ്മദ്, കെ. അബ്ദുല്‍ ഖാദര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.കെ. സമീര്‍, സി.എം. അനീഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button