Kozhikode

സ്കൂൾ കെട്ടിടത്തിലേക്ക് മതിൽ വീണു; ഒഴിവായത് വൻദുരന്തം

Please complete the required fields.




താമരശ്ശേരി: സ്കൂൾ കെട്ടിടത്തിലേക്ക് സ്വകാര്യ വ്യക്തിയുടെ വീടിനോടു ചേർന്നുള്ള വൻമതിൽ ഇടിഞ്ഞു വീണു. സ്കൂൾ സമയത്ത് നടന്ന അപകടത്തിൽ തല നാരിഴക്ക് വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് എഇഒ ഇന്നു സ്കൂളിന് അവധി പ്രഖ്യാപിച്ചു. കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിയോഴിഞ്ഞ തോട്ടം എസ്എസ്എം യുപി സ്കൂൾ കെട്ടിടത്തിലേക്ക് ഇന്നലെ ഉച്ചക്ക് 2ന് ആണ് പിൻഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കൂറ്റൻ മതിൽ ഇടിഞ്ഞു വീണത്. മതിൽ ഇടിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് ക്ലാസ് മുറികളിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ പേടിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.

4 വിദ്യാർഥികൾക്ക് ഓടുന്നതിനിടയിൽ വീണു പരുക്കേറ്റു. അപകടം സമയം സ്കൂളിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്കായി ഇന്ന് കൗൺസലിങ് നടത്തും. 4 ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കോൺക്രീറ്റ് കെട്ടിടം  മതിൽ ഇടിഞ്ഞ് വീണ് അപകട ഭീഷണിയിലാണ്. ക്ലാസ് മുറികൾക്കുള്ളിൽ മതിലിന്റെ കോൺക്രീറ്റ് കഷണങ്ങളും മറ്റും ചിതറി കിടക്കുന്നുണ്ട്.ഉച്ചഭക്ഷണ സമയമായിരുന്നത് കൊണ്ട് അധികം വിദ്യാർഥികളും ക്ലാസിനു പുറത്തായിരുന്നതും ഭാഗ്യമായി. മതിൽ നിർമാണത്തിലെ അപാകതയാണ് അപകട കാരണമെന്ന പരാതിയുണ്ട്.

സംഭവം അറിഞ്ഞ് താമരശ്ശേരി തഹസിൽദാർ സി.സുബൈർ, ഡപ്യൂട്ടി തഹസിൽദാർമാരായ എം.എം.നിസാമുദ്ദീൻ, എൻ.പി.രതീഷ്, താമരശ്ശേരി എഇഒ എൻ.കെ. പ്രേമൻ, എസ്ഐ വി.എസ്. സനൂജ്, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത്, മുൻ പ്രസിഡന്റ് പ്രേംജി ജയിംസ്, മറ്റ് ജനപ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തി. ഇടിഞ്ഞ മതിലിന്റെ കോൺക്രീറ്റ് പില്ലറുകളും മറ്റും സ്കൂൾ കെട്ടിടത്തിന്റെ ചുമരിനു മുകളിലുള്ള ബീമിൽ തട്ടി നിന്നതു കൊണ്ടാണ് കെട്ടിടം നിലം പൊത്താതെ രക്ഷപ്പെട്ടത്. ചുമര് മൂടി കിടക്കുന്ന മണ്ണും കല്ലും മറ്റും മാറ്റിയ ശേഷമേ കെട്ടിടത്തിന്റെ ബലസ്ഥിതി വ്യക്തമായി മനസ്സിലാക്കാൻ കഴിയു.

സ്കൂളിന്റെ പിൻഭാഗത്ത് 10 മീറ്ററോളം ഉയരമുള്ള മതിൽ 25 മീറ്ററോളം നീളത്തിൽ ഇടിഞ്ഞിട്ടുണ്ട്.കെട്ടിനുള്ളിൽ മഴവെള്ളം ഇറങ്ങിയതാണ്  അപകട കാരണമെന്ന് പറയുന്നു. സ്കൂൾ കെട്ടിടത്തിലേക്ക് വീണ മതിലിന്റെ  അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കെട്ടിടം അറ്റകുറ്റപ്പണി നടത്തികൊടുക്കാൻ താമരശ്ശേരി തഹസിൽദാർ മതിൽ ഉടമക്ക്  നിർദേശം നൽകി. 5,6,7 ക്ലാസുകളിലായി 80 വിദ്യാർഥികൾ ഈ കെട്ടിടത്തിലാണ് പഠിക്കുന്നത്.

Related Articles

Leave a Reply

Back to top button