
തൃശൂര്‍: തൃശൂരില്‍ രണ്ട് മയക്കുമരുന്ന് കേസിൽ രണ്ടു പേര്‍ അറസ്റ്റില്‍. ഒല്ലൂരില്‍ നിന്ന് എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പും സുഹൃത്തായ എന്‍ജിനീയറുമാണ് പൊലീസ് പിടിയിലായത്. ദേശീയ ഭാരോദ്വഹന ടീമിലേക്ക് സെലക്ഷന്‍ ട്രയല്‍ കഴിഞ്ഞിരിക്കുന്ന മുകുന്ദപുരം കല്ലൂര്‍ കളത്തിങ്കല്‍ വീട്ടില്‍ സ്റ്റിബിന്‍ (30) നെ സംശയാസ്പദനിലയില്‍ കണ്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു .
ഇയാളില്‍ നിന്ന് 4.85 ഗ്രാം എം.ഡി.എം.എ ആണ് കണ്ടെടുത്തത് . ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 12 ഗ്രാം എം.ഡി.എം.എയുമായി കല്ലൂര്‍ ഭരതദേശത്ത് കളപ്പുരയില്‍ ഷെറിനെ (32) യും പിടികൂടി. ഒല്ലൂര്‍ യുനൈറ്റഡ് വെയിങ് ബ്രിഡ്ജിനടുത്തു ലഹരി വസ്തുക്കള്‍ കൈമാറാനെത്തിയപ്പോഴായിരുന്നു ഇവര്‍ എക്‌സൈസിന്റെ പിടിയിലായത് .
തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടികൂടിയത് . കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.





