ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറും; അണ്‍ലോക്ക് പാറ്റേണ്‍ നല്‍കുമെന്ന് ദിലീപ്, കേസ് മറ്റന്നാളത്തേക്ക് മാറ്റി

കൊച്ചി: ദിലീപിന്റെ ആറ് ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറും. രജിസ്ട്രാര്‍ ജനറല്‍ ഇന്നുതന്നെ ആലുവ കോടതിക്ക് ഫോണ്‍ കൈമാറണമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടു. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമോയെന്ന് മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാം. ഫോണുകള്‍ക്കായി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാം. ഫോണുകള്‍ തുറക്കാൻ പാറ്റേൺ ലോക്കുകൾ നൽകാൻ പ്രതികൾക്ക് കോടതി നിർദേശം നല്കി. പാറ്റേണ്‍ കോടതിക്ക് നല്‍കുമെന്ന് ദിലീപ് അറിയിച്ചു. ദിലീപിന്റെ മറ്റ് ഫോണുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
പുതിയ ഫോണുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ഫോണുകള്‍ ഡിജിപിക്ക് നല്‍കുകയാണെന്ന് കോടതി ആദ്യം പറഞ്ഞെങ്കിലും അതിനെ എതിര്‍ത്ത ദിലീപ് അത് ചെയ്യരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടു. പ്രതിക്ക് പ്രത്യേക പരിഗണന നൽകുന്നെന്ന അഭിപ്രായം ഉയരുന്നുണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. നാളെ ഇതേ പരിഗണന ആവശ്യപ്പെട്ട് മറ്റ് പ്രതികൾ എത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. മറ്റന്നാള്‍ ഉച്ചയ്ക്ക് 1.45 ന് കേസ് വീണ്ടും പരിഗണിക്കും.
തങ്ങൾ ആവശ്യപ്പെട്ട എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ലെന്ന പ്രോസിക്യൂഷന്റെ ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ദിലീപും സംഘവും ഹൈക്കോടതി രജിസ്ട്രാറിന് മുന്നിൽ ഹാജരാക്കിയ ഫോണുകൾ അന്വേഷണ സംഘത്തോട് പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പരിശോധനയ്ക്ക് പിന്നാലെയായിരുന്നു കോടതിയില്‍ വാദം തുടങ്ങിയത്.





