
ഫറോക്ക് : ടിപ്പുക്കോട്ടയിൽ പുരാവസ്തു വകുപ്പ് നടത്തുന്ന ഉത്ഖനനത്തിനിടെ ടിപ്പുവിന്റെ കാലത്ത് ഉപയോഗിച്ച ചൈനീസ് നിർമിത പാത്രക്കഷണങ്ങൾ കണ്ടെത്തി. കോട്ടയുടെ തെക്കുഭാഗത്തു കുഴിയെടുത്തു നടത്തിയ പരിശോധനയിലാണ് പുരാവസ്തുക്കൾ കണ്ടെടുത്തത്. ഇതിനു പുറമേ സമീപത്തു നിന്നു ബ്രിട്ടിഷ് നിർമിത പിഞ്ഞാണ പാത്രങ്ങളുടെയും സെലഡൻ പാത്രങ്ങളുടെയും കഷണങ്ങൾ പ്രാഥമിക പരിശോധനയിൽ ലഭിച്ചു. ഇതോടെ പ്രദേശത്ത് കുറഞ്ഞത് ഒരു അടി ആഴത്തിൽ മണ്ണ് നീക്കി വിശദ പരിശോധന നടത്തും. ടിപ്പുക്കോട്ടയിൽ ഉത്ഖനനം നടത്താൻ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ലൈസൻസ് ലഭിച്ചതോടെ സംസ്ഥാന പുരാവസ്തു വകുപ്പ് ചാർജ് ഓഫിസർ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് പരിശോധന.
കോട്ടയിലെ അവശേഷിപ്പുകളുടെ സംരക്ഷണത്തിനും ഉത്ഖനന സാധ്യത പരിശോധിക്കാനുമുള്ള കോടതി ഉത്തരവ് പ്രകാരം 2020 ഒക്ടോബറിൽ പുരാവസ്തു വകുപ്പ് നേതൃത്വത്തിൽ ഒരു മാസം നീളുന്ന പ്രാഥമിക പര്യവേക്ഷണവും ഉപരിതല സർവേയും നടത്തിയിരുന്നു. പ്രാഥമിക പര്യവേക്ഷണത്തിൽ ടിപ്പുവിന്റെ കാലത്ത് ഉപയോഗിച്ച വെടിയുണ്ട, തീക്കല്ല്, ചെമ്പുനാണയം, നാണയം വാർത്തെടുക്കുന്ന അച്ചിന്റെ ഭാഗങ്ങൾ, ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി നാണയം, ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നാണയം, ബ്രിട്ടിഷ് ഇന്ത്യ നാണയം തുടങ്ങിയവ കണ്ടെത്തിയിരുന്നു.





