
ഓമശ്ശേരി: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ ഓമശ്ശേരി ടൗണിൽ പ്രവൃത്തികൾക്ക് വേഗം പോരെന്ന് പരാതി. ടൗണിലെ പ്രധാന കലുങ്കിന്റെ നവീകരണം ഇതുവരെ പൂർത്തിയായിട്ടില്ല. പുതിയ കലുങ്ക് നിർമിക്കാനും അപകട ഭീഷണിയായി നിൽക്കുന്ന 8 മരങ്ങൾ ലേലത്തിലൂടെ മുറിച്ചു മാറ്റുന്നതിനും നടപടിയായിട്ടില്ല. മൂന്നാഴ്ചയായി തുടരുന്ന ഗതാഗത നിയന്ത്രണം മൂലം ഓമശ്ശേരി വഴി കടന്നുപോകുന്ന യാത്രക്കാരുടെ ദുരിതം തുടരുകയാണ്.
കഴിഞ്ഞ മാസം 17 മുതലാണ് റോഡ് പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രധാന കലുങ്കിന്റെ നവീകരണം കഴിഞ്ഞ മാസം 31ന് അകം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടപ്പായില്ല. പുതിയ കലുങ്ക് നിർമിക്കുന്നതിനും ടൗൺ സൗന്ദര്യവൽക്കരിക്കുന്നതിനും അംഗീകാരം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും വ്യക്തമാക്കിയതാണ്.
റോഡ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ നടപടിയുണ്ടാകണമെന്നാണ് വ്യാപാരികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്. പ്രവൃത്തി നീളുന്നത് കച്ചവടത്തെ സാരമായി ബാധിച്ചതായി വ്യാപാരികൾ പറയുന്നു. റമസാൻ, വിഷു, ചെറിയ പെരുന്നാൾ വിപണികൾ സജീവമാകുന്ന സമയമായതിനാൽ റോഡ് പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.





