ബൈക്കിന് നമ്പറില്ല ഉടമയ്ക്ക് ലൈസന്‍സും, ഉള്ളത് പടക്കംപൊട്ടുന്ന ശബ്ദം; വാഹനം പിടിച്ചെടുത്ത് എം.വി.ഡി

കാക്കനാട്: ബൈക്കിന് മുന്നിലും പിന്നിലും നമ്പര്‍ പ്ലേറ്റില്ല, പടക്കം പൊട്ടുന്ന ശബ്ദത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നിലൂടെ പായല്‍. വണ്ടി തടഞ്ഞ് നിര്‍ത്തിയാലോ, പിന്നാലെ പോയാലോ പണിയാകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി, ക്ഷമയോടെ കാത്തിരുന്നു. ഒടുവില്‍ പെട്രോളടിക്കാന്‍ ബൈക്ക് പമ്പില്‍ കയറ്റിയതോടെ ഉദ്യോഗസ്ഥര്‍ തന്ത്രപരമായി ഓടിയെത്തുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ മഫ്തിയിലാണെങ്കിലും കാലിലെ ഷൂസില്‍ പന്തികേട് തോന്നിയ യുവാവ് പമ്പില്‍ നിന്ന് വാഹനം പറപ്പിക്കാനുള്ള ശ്രമത്തെ താക്കോല്‍ ഊരിയെടുത്ത് പൂട്ടി. വെള്ളിയാഴ്ച വൈകീട്ട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ കൈപ്പടമുകളില്‍ നമ്പര്‍ പ്ലേറ്റില്ലാതെ ഓടിയ ബൈക്കാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി.ജി. നിശാന്ത്, എസ്. മനോജ് എന്നിവര്‍ പിടികൂടിയത്.
പെട്രോള്‍ പമ്പില്‍ മഫ്തിയിലെത്തിയ ഉദ്യോഗസ്ഥര്‍ താക്കോല്‍ ഊരിയെടുത്തതിനെ യുവാവ് ചോദ്യം ചെയ്തത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയതോടെ ഇന്‍സ്പെക്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു. ഇതിനിടെ സംഭവമറിഞ്ഞെത്തിയ എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. കെ. മനോജ് സ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരിശോധനയില്‍ കളമശ്ശേരി സ്വദേശിയായ യുവാവിന്റെ കൈവശം ഡ്രൈവിങ് ലൈസന്‍സില്ലെന്ന് കണ്ടെത്തി. നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനും സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനും ഉള്‍പ്പെടെ 23,000 രൂപ പിഴയിട്ടു. രണ്ടു മാസം മുന്‍പ് മറ്റൊരാളില്‍ നിന്ന് ബൈക്ക് വാങ്ങിയതാണെന്നാണ് യുവാവിന്റെ വിശദീകരണം. ഉടമയോട് വാഹനത്തിന്റെ കൂടുതല്‍ രേഖകളുമായി ശനിയാഴ്ച ആര്‍.ടി. ഓഫീസില്‍ ഹാജരാകാനും ആര്‍.ടി.ഒ. നിര്‍ദേശം നല്‍കി.





