Alappuzha

സൗജന്യ റേഷൻ വിതരണത്തിലടക്കം വീഴ്ച; വിജിലൻസ് പരിശോധനയില്‍ സ്റ്റോക്കിൽ വ്യത്യാസം

Please complete the required fields.




ആലപ്പുഴ: ഓപ്പറേഷൻ സുഭിക്ഷയുടെ ഭാഗമായി ജില്ലയിലെ മൂന്നുറേഷൻ കടകളിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ സ്റ്റോക്കിൽ വ്യത്യാസം കണ്ടെത്തി. കായംകുളത്തുള്ള എ.ആർ.ഡി 193, തകഴിയിലുള്ള എ.ആർ.ഡി 257, ചന്തിരൂർ എ.ആർ.ഡി 43 എന്നീ റേഷൻ കടകളിലാണ് പരിശോധന നടന്നത്. ചിലയിടങ്ങളിൽ ഭക്ഷ്യധാന്യം സ്റ്റോക്കിനേക്കാൾ കുറവും ചിലയിടത്ത് കൂടുതലുമാണ് കണ്ടെത്തിയത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി പ്രകാരമുള്ള സൗജന്യ റേഷൻ വിതരണത്തിലും വീഴ്ചയുണ്ടായതായി വ്യക്തമായി.

പദ്ധതിയെ കുറിച്ച് അറിവില്ലാത്ത പട്ടിക വിഭാഗത്തിൽപ്പെട്ട കാർഡുടമകളിൽ പലർക്കും അരി നൽകിയിരുന്നില്ല. റേഷൻ ഭക്ഷ്യധാന്യങ്ങൾ മറിച്ചു വിൽക്കുന്നുണ്ടെന്നും കാർഡുടമകൾക്ക് അർഹതപ്പെട്ട അളവിൽ ലഭിക്കുന്നില്ലെന്നും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. ബുധനാഴ്ച ഏഴുജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ ഉൾപ്പെടെയുള്ള ഏഴുജില്ലകളിലുമാണ് പരിശോധന നടന്നത്. വിജിലൻസ് ഡി.വൈ.എസ്.പി ഗിരീഷ്.പി.സാരഥി, ഇൻസ്‌പെക്ടർമാരായ സുനിൽ, രാജേഷ്, പ്രശാന്ത്, എ.എസ്.ഐമാരായ ബൈജു, ജയലാൽ, സി.പി.ഒമാരായ ലിജു, ഗീതു, രജനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ പരിശോധന.

നേരത്തെ തൃക്കുന്നപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് റേഷന്‍കടകളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. 152,154 നമ്പർ റേഷൻകടകളുടെ ലൈസൻസാണ് ജില്ല സപ്ലൈ ഓഫിസർ റദ്ദാക്കിയത്.

വാതിൽപടി വിതരണത്തിന് വാഹനം ഏർപ്പാടാക്കിയ കരാറുകാരൻ, ഈ വാഹനത്തിലെയും അരി കടത്തിക്കൊണ്ടുപോയ ടെമ്പോവാനിലെയും ഡ്രൈവർമാർ എന്നിവരെ പ്രതികളാക്കി പൊലീസിൽ പരാതി നൽകാൻ താലൂക്ക് സപ്ലൈ ഓഫിസർ (ടി. എസ്. ഒ), സിവിൽ സപ്ലൈസ് കോർപറേഷൻ ഡിപ്പോ മാനേജർക്ക് നിർദേശവും നൽകിയിരുന്നു.

Related Articles

Leave a Reply

Back to top button