India

ഹൈദരാബാദിനെ എറിഞ്ഞൊതുക്കി കൊല്‍ക്കത്ത; 8 വിക്കറ്റിന്റെ ആധികാരിക ജയം, ഐ.പി.എല്‍. ഫൈനലില്‍

Please complete the required fields.




അഹമ്മദാബാദ്: സ്ഥിരതയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രത്യേകത. സണ്‍റൈസേഴ്‌സിനെ പക്ഷേ, ആ ഗണത്തില്‍പ്പെടുത്താനാവില്ല. ചിലപ്പോള്‍ കത്തും. അതും അത്യുജ്ജ്വലമായിട്ട്. ചിലപ്പോള്‍ അതിന്റെ നിഴല്‍ പോലുമാവില്ല. കൊല്‍ക്കത്ത ഒന്നാം ക്വാളിഫയറിലും അതിന്റെ സ്ഥൈര്യവും ധൈര്യവും കെടാതെ കാത്തുസൂക്ഷിച്ചു. അതിനു മുന്നില്‍ ഹൈദരാബാദ് അമ്പേ നിറംകെട്ടു. ഫലത്തില്‍ 17-ാം ഐ.പി.എല്‍. സീസണിലെ ആദ്യ ഫൈനലിസ്റ്റായി കൊല്‍ക്കത്ത. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ ടോസ് നേടിബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ്‌ നിശ്ചിത 20 ഓവറില്‍ 159 റണ്‍സിന് പുറത്തായി. 13.4 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു -164/2.

കളിയെ ഹൈദരാബാദിന്റെ വരുതിയില്‍നിന്ന് കൊല്‍ക്കത്തയുടെ ഉള്ളംകൈയിലെത്തിച്ചതിന്റെ ക്രെഡിറ്റ് മിച്ചല്‍ സ്റ്റാര്‍ക്കിനാണ്. തന്റെ ആദ്യ രണ്ടോവറില്‍ത്തന്നെ സ്റ്റാര്‍ക്ക് സണ്‍ റൈസേഴ്‌സിന്റെ മനോവീര്യം തകര്‍ത്തു. ആദ്യ ഓവറില്‍ ട്രാവിസ് ഹെഡിനെയും രണ്ടാം ഓവറില്‍ നിതീഷ് റെഡ്ഢിയെയും മടക്കി പവര്‍പ്ലേയില്‍ത്തന്നെ കൊല്‍ക്കത്തയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി.160 വിജയലക്ഷ്യം കൊല്‍ക്കത്തയ്ക്ക് അനായാസമായിരുന്നു. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സെറിഞ്ഞ രണ്ടാം ഓവറില്‍ത്തന്നെ കൊല്‍ക്കത്തയുടെ പ്രഹരമുണ്ടായി. റഹ്‌മാനുള്ള ഗുര്‍ബാസും സുനില്‍ നരെയ്‌നും ചേര്‍ന്ന് 20 റണ്‍സാണ് കമിന്‍സിന്റെ ഓവറില്‍ നേടിയത്. മൂന്നോവറില്‍ ടീം 44 റണ്‍സെടുത്തു. നാലാം ഓവറില്‍ ഗുര്‍ബാസ് (12 പന്തില്‍ 23) മടങ്ങിയെങ്കിലും കൊല്‍ക്കത്തയെ ബാധിച്ചില്ല. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 63 റണ്‍സാണ് നേടിയത്.

കമിന്‍സ് എറിഞ്ഞ ഓവറില്‍ സുനില്‍ നരെയ്‌നും (16 പന്തില്‍ 21) പുറത്തായി. ടീം സ്‌കോര്‍ 67-ല്‍ നില്‍ക്കേയായിരുന്നു ഇത്. തുടര്‍ന്ന് വെങ്കടേഷ് അയ്യരും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചു. ശ്രേയസ് 24 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍, വെങ്കടേഷ് 28 പന്തില്‍ 51 റണ്‍സ് നേടി. ടീമിനെ ജയിപ്പിച്ചാണ് ഇരുവരും ക്രീസ് വിട്ടത്. ഇരുവരുടെയും ഇന്നിങ്‌സില്‍ നാലുവീതം സിക്‌സും അഞ്ചുവീതം ബൗണ്ടറിയുമാണുള്ളത്.

പവര്‍പ്ലേയ്ക്ക് ശേഷം ഒരോവറില്‍ പോലും 11-ല്‍ കുറഞ്ഞ റണ്‍സ് വന്നില്ല. 14-ാം ഓവര്‍ എറിയാനെത്തിയ ട്രാവിസ് ഹെഡിനെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 6,4,6,6 എന്ന രീതിയില്‍ അടിച്ചകറ്റി. ഇതോടെ കൊല്‍ക്കത്ത രാജകീയമായിത്തന്നെ ഫൈനലിലേക്ക്. ഇതിനിടെ അയ്യര്‍ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി.

Related Articles

Back to top button