
പാലക്കാട് : സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം വർധിപ്പിച്ചത്തിനെതിരെ പ്രതിഷേധവുമായി ബസ് ഉടമകൾ രംഗത്ത് . ഒരുനിലക്കും അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ബസ് ഓപ്പറേറ്റെഴ്സ് ഓർഗനൈസേഷൻ പറഞ്ഞു .
ഒപ്പം വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം 18 വയസ്സാക്കി കുറയ്ക്കണമെന്നും രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തയ്യാറാകണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വിദ്യാർഥികൾക്ക് കൺസെഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ൽ നിന്നും 27 ആയി ഉയർത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഗവേഷണ വിദ്യാർഥികളെ കൂടി പരിഗണിച്ചാണ് കൺസെഷൻ പ്രായം ഉയർത്തിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അതേസമയം നിലവിലെ കൺസെഷൻ പ്രായം ഗവേഷകവിദ്യാർഥികൾക്ക് പ്രായോഗികമല്ല എന്നു കാണിച്ച് എസ്എഫ്ഐ ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു .
അതുപോലെ ബസ്സുകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കണമെന്ന നിബന്ധന അധിക ചിലവ് വരുത്തി വെക്കുമെന്നാണ് ബസ് ഉടമകള്‍ പറഞ്ഞു . 30,000 രൂപ അധികമായി ചെലവാകും ഇനി നിൽക്കുന്ന ആൾക്ക് കൂടി സീറ്റ് ബെൽറ്റ് ആവശ്യപ്പെട്ടേക്കും. സ്വകാര്യ ബസ് ഉടമകളെ നട്ടം തിരിക്കുന്ന നടപടികളാണ് സർക്കാരും ഗതാഗത വകുപ്പും സ്വീകരിക്കുന്നത് എന്ന് ബസ് ഉടമകൾ ആരോപിച്ചു. ഡ്രൈവർക്കും മുന്നിൽ ഇരിക്കുന്ന യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനാണ് തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ചുള്ള സർക്കുലർ ലഭിച്ചിട്ടില്ല.





