Thiruvananthapuram

വടക്കൻ കേരളത്തിൽ മഴ ശക്തം, വീടുകൾ തകർന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കേ മഴ. പല ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. കാസര്‍കോട് മഞ്ചേശ്വരത്ത് കനത്ത മഴയെ തുടർന്ന് ഒരു വീട്ടില്‍ വെള്ളം കയറി. കുടുംബത്തെ മാറ്റി പാർപ്പിച്ചു. ജില്ലയിൽ മലയോര മേഖലകളിലും മഴ ശക്തമാണ്. കനത്ത മഴ കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പടെ എല്ലാ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

കണ്ണൂർ പയ്യന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. കുളങ്ങര യശോദയുടെ വീടാണ് പുലർച്ചെ തകർന്നത്.അപകടം നടക്കുമ്പോൾ യശോദയും മകൻ രാജേഷും ഭാര്യയും 2 കുട്ടികളും വീട്ടിലുണ്ടായിരുന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ജൂലൈ 10 വരെ നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം  താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. 

അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഇല്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മൺസൂൺ പാത്തി കൂടുതൽ തെക്കോട്ട് നീങ്ങിയതും ജാർഖണ്ഡിനും പശ്ചിമ ബംഗാളിനും മുകളിലായുള്ള ന്യൂനമർദ്ദവുമാണ് ശക്തമായ മഴ തുടരാൻ കാരണം. അറബിക്കടലിൽ നിന്നുള്ള കാലവർഷ കാറ്റും ശക്തമാണ്. ശക്തമായ, ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോര മേഖലകളിലും പ്രത്യേക ജാഗ്രത വേണം.

Related Articles

Leave a Reply

Back to top button