
കോഴിക്കോട് : കോർപ്പറേഷന്റെ മാലിന്യപ്ലാന്റ് പദ്ധതി ജനങ്ങളുടെ അഭിലാഷങ്ങൾക്ക് വിരുദ്ധമായി അവരിലേക്ക് അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
അധികാരമുപയോഗിച്ച് ജനകീയസമരത്തെ അടിച്ചമർത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആവിക്കൽതോടിൽ മാലിന്യപ്ലാന്റിനെതിരേ നടന്ന യു.ഡി.എഫ്. ഐക്യദാർഢ്യസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജനസാന്ദ്രതയേറിയ പ്രദേശത്ത് ജനങ്ങളെ വെല്ലുവിളിച്ചാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിൽനിന്ന് സർക്കാർ പിന്മാറണമെന്ന് നിയമസഭയിൽ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിഷയം ചർച്ച ചെയ്യാൻ സർക്കാരോ കോർപ്പറേഷനോ തയ്യാറല്ല. പദ്ധതിപ്രദേശത്തുള്ളവരുടെ സങ്കടവും ഉത്കണ്ഠയും മനസ്സിലാക്കാൻ സർക്കാരിനും കോർപ്പറേഷനും കഴിയുന്നില്ല. അടിച്ചമർത്താൻ ശ്രമിക്കുമ്പോഴാണ് സമരങ്ങൾ ആളിക്കത്തുന്നത്.
കെ-റെയിൽപദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ് സർക്കാർ വെല്ലുവിളിച്ചു. അതിനെതിരേ ചെറുത്തുനിൽപ്പ് ശക്തമായപ്പോൾ ജനശക്തി മഞ്ഞക്കുറ്റി ആകാശത്തേക്ക് പറത്തി. ഇതേ അവസ്ഥതന്നെയാണ് ആവിക്കൽതോടിലും സംഭവിക്കുക. പ്രതിഷേധിക്കുന്നവരെ മാവോവാദികളെന്നും അർബൻ നക്സലൈറ്റെന്നും ചാപ്പകുത്തുകയാണ് സർക്കാർ.





