
കയ്പമംഗലം: കൂരിക്കുഴിയിൽനിന്ന് എം.ഡി.എം.എയുമായി യുവാവിനെ തൃശൂർ റൂറൽ ഡാൻസാഫ് ടീമും കയ്പമംഗലം പൊലീസും ചേർന്ന് പിടികൂടി. കൂരിക്കുഴി പുഴങ്കരയില്ലത്ത് അബു താഹിറാണ് (34) ഏഴ് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. തീരദേശ മേഖലയിലെ മയക്കുമരുന്ന് വിൽപന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബംഗളുരുവിൽ നിന്നുള്ള സുഹൃത്തുക്കൾ വഴിയാണ് പ്രതി മയക്കുമരുന്ന് എത്തിച്ചത്. റൂറൽ ജില്ല പൊലീസ് മേധാവി നവ്നീത് ശർമക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.
തൃശൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എൻ. മുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കയ്പമംഗലം സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജഹാൻ, എസ്.ഐ മുഹമ്മദ് സിയാദ്, ഡാൻസാഫ് എസ്.ഐ സി.ആർ. പ്രദീപ് ,സീനിയർ സി.പി.ഒമാരായ ലിജു ഇയ്യാനി, എം.വി. മാനുവൽ, സോണി സേവിയർ, സി.പി.ഒ നിഷാന്ത്, കയ്പമംഗലം പൊലീസ് സ്റ്റേഷൻ ഡബ്ല്യു.സി.പി.ഒ പ്രിയ, എസ്.സി.പി.ഒ ഗിരീഷ്, സി.പി.ഒ ധനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.





