
കോഴിക്കോട് ∙ നഗരത്തിലെ ഹോട്ടലുകളിൽ ഡിജെ പാർട്ടിയുടെ മറവിൽ ലഹരിക്കച്ചവടം നടത്തുന്ന യുവതിയടക്കമുള്ള എട്ടംഗസംഘം പിടിയിൽ. മേലാറ്റൂർ താഴെപുറ വീട്ടിൽ ടി.പി.ജസീന (22), മാങ്കാവ് പൂഞ്ചേരി തൻവീർ അജ്മൽ (24), ചേളന്നൂർ പാലോളി മീത്തൽ എം.എം.മനോജ് (22), വെങ്ങാലി കളത്തിൽ കെ.അഭി (26), ബേപ്പൂർ നടുവട്ടം മീര ബൈത്തുൽ എം.മുഹമ്മദ് നിഷാം (26), പെരുമണ്ണ കോലായിമീത്തൽ കെ.എം.അർജുൻ (23), എലത്തൂർ പുതിയനിരത്ത് കളത്തിൽ പി.അഭിജിത്ത് (26), പെരുവയൽ കൈനാടിപറമ്പ് പി.വി.ഹർഷദ് (28) എന്നിവരെയാണ് നഗരത്തിലെ ഹോട്ടലിൽ നിന്നു പിടികൂടിയത്.
500 ഗ്രാം ഹഷീഷ് ഓയിലും ആറ് ഗ്രാം എംഡിഎംഎയും കണ്ടെത്തി. ഹോട്ടലിൽ 4 മുറികളായിരുന്നു ഇവർ എടുത്തിരുന്നത്. ഇതിൽ യുവതിയുടെ മുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി സൂക്ഷിച്ചിരുന്നത്. ലഹരി കേസിൽ പിടിയിലായ യുവാവ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഡൻസാഫും (ഡിസ്ട്രിക്ട് ആന്റി നർകോട്ടിക്സ് സ്പെഷൽ ആക്‌ഷൻ ഫോഴ്സ്) ഇവരെ നിരീക്ഷിച്ചിരുന്നു.
വൈകിട്ട് നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്. വിപണിയിൽ ഇവയ്ക്ക് 2.5 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിൽ നടക്കാവ് എസ്ഐ എസ്.ബി.കൈലാസ്നാഥും ഡൻസാഫ് അംഗങ്ങളുമാണ് പരിശോധന നടത്തിയത്.





