
കൊടുവള്ളി : ഇത്തവണ വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കുന്ന കൊടുവള്ളി നഗരസഭയിൽ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ 37 ഡിവിഷനുകളിലും രാവിലെ തന്നെ മൈക്ക് അനൗൺസ്മെന്റുകളുമായി പ്രചാരണം കൊഴുപ്പിച്ചു. 17 ഡിവിഷനുകളിൽ മത്സരിക്കുന്ന എൻഡിഎയും മൈക്ക് അനൗൺസ്മെന്റുകളുമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തന്നെ പ്രവർത്തകർ കൊടിയേന്തി വാഹനങ്ങളിൽ ഡിവിഷനുകളിലൂടെ കറങ്ങാൻ തുടങ്ങിയിരുന്നു. ആവേശപ്പോരാട്ടം നടക്കുന്ന ചില ഡിവിഷനുകളിൽ ബാൻഡ് വാദ്യങ്ങളുമായാണ് പ്രചാരണം ചൂടുപിടിപ്പിച്ചത്. കൊടുവള്ളി ടൗൺ കേന്ദ്രീകരിച്ച് നടത്തിയ കൊട്ടിക്കലാശം കാണാൻ പല സ്ഥലങ്ങളിൽനിന്നുമായി ഒട്ടേറെപ്പേരാണ് ടൗണിൽ തടിച്ചുകൂടിയത്. ടൗണിലെ കെട്ടിടങ്ങൾക്ക് മുകളിൽ ആളുകൾ തിങ്ങിനിറഞ്ഞു. ടൗണിന് സമീപത്തെ ഏതാനും ഡിവിഷനുകളിലെ പ്രവർത്തകരും ഇവിടെ കൊട്ടിക്കലാശത്തിന് എത്തിയിരുന്നു. കൊട്ടിക്കലാശം സമാധാനപരമായാണ് നടന്നത്. കൊട്ടിക്കലാശത്തെത്തുടർന്ന് കൊടുവള്ളി ടൗണിൽ വൈകീട്ട് ഏറെനേരം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതേത്തുടർന്ന് യാത്രക്കാർ വലഞ്ഞു.





