Thrissur

ധീരസൈനികൻ പ്രദീപിന്‍റെ മൃതദേഹം വഹിച്ചുള്ള വിമാനം പുറപ്പെട്ടു, സംസ്കാരം ഇന്ന് വൈകീട്ട്

Please complete the required fields.




തൃശ്ശൂര്‍: ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ  കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപിന്‍റെ മൃതദേഹം വഹിച്ചുള്ള വിമാനം ദില്ലിയിൽ നിന്ന് പുറപ്പെട്ടു. സമയ പരിമിതി മൂലം സുളുരിലെ ചടങ്ങുകൾ വേഗത്തിലാക്കും. 12.30 മണിക്ക് മൃതദേഹം വാളയാറെത്തും. മന്ത്രിമാരായ കെ രാജൻ, കൃഷ്ണൻകുട്ടി എന്നിവർ വാളയാറിൽ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് പുത്തൂരിലെ സ്കൂളിൽ ഒരു മണിക്കൂർ പൊതുദർശനം ഉണ്ടാകും. സംസ്കാരത്തിന് 2 മണിക്കൂർ മുൻപ് 70 അംഗ സൈനികർ പ്രദീപിൻ്റെ വീട്ടിലെത്തും. വൈകീട്ട് വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക.  

പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. ജോലിക്കായി നാട്ടിൽ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം പ്രദീപ് കാത്തുസൂക്ഷിച്ചിരുന്നു. നാട്ടിലെ കലാ-കായിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. രോഗിയായ അച്ഛൻ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടിൽ ഉള്ളത്.

തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.

2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികനായിരുന്നു പ്രദീപ്. പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ചുമതല ഏറ്റെടുത്തു. പ്രദീപിന്റെ നേതൃത്വത്തില്‍ നിരവധി പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. 

Related Articles

Leave a Reply

Back to top button