നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും; പ്രതിയെന്ന് സംശയിക്കുന്നയാൾക്കായി തെരച്ചിൽ ഊർജിതം

ഇടുക്കി: നെടുങ്കണ്ടത്ത് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയേറുന്നു. മരിച്ചത് പച്ചടി സ്വദേശി മേരിക്കുട്ടിയും മകൻ റെജിയുമാണെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ഈ മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.ഇതോടൊപ്പം ഡിഎൻഎ പരിശോധനയും നടത്തും. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മാത്യുവിനെ കാണാതായ കേസും പൊലീസ് വീണ്ടും അന്വേഷിക്കും. 2018ൽ സമാന സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.
മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പ്രതിയെന്ന് സംശയിക്കുന്ന സജിയെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പൊലീസിൻ്റെ നാല് സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്.
ഈ മാസം രണ്ട് മുതൽ മേരിക്കുട്ടിയെയും മകൻ റെജിയെയും കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത് ഇന്നലെയാണ് . പരാതി പ്രകാരം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും ചോദ്യം ചെയ്യലും നടത്തിയിരുന്നു. അന്വേഷണത്തിൽ തന്നെ പൊലീസിന് ദുരൂഹത തോന്നിയിരുന്നു.
റെജിയുടെ ഇളയ സഹോദരൻ മാത്രമായിരുന്നു പൊലീസ് വന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ഇയാളോട് സംസാരിച്ചതിൽ നിന്ന് പൊലീസിന് മറുപടികൾ തൃപ്തികരമായി തോന്നിയിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യൻ്റേതിന് സാമ്യം തോന്നുന്ന ശരീരഭാഗങ്ങൾ വീടിൻ്റെ പരിസരത്ത് നിന്ന് കണ്ടെത്തിയത്. കാൽ ഉൾപ്പടെയുള്ള ഭാഗങ്ങൾ കണ്ടെത്തി





