
കോഴിക്കോട് : താമരശ്ശേരി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയായ താമരശ്ശേരി ചുരത്തിൽ സമൂഹവിരുദ്ധർ മാലിന്യംതള്ളുന്നത് തുടർക്കഥയാവുന്നു.
ചുരത്തിലെ ആറ്, ഏഴ് മുടിപ്പിൻവളവുകൾക്കിടയിൽ ദേശീയപാതയിൽ പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയനിലയിൽ ആടിന്റെ ജഡം കണ്ടെത്തി. സമൂഹവിരുദ്ധർ ഇരുട്ടിന്റെ മറവിൽ തള്ളി കടന്നുകളഞ്ഞ ദുർഗന്ധം വമിക്കുന്ന ജഡം ബുധനാഴ്ച പകലാണ് അടിവാരം ഔട്ട് പോസ്റ്റ് പോലീസും ചുരം സംരക്ഷണസമിതി പ്രവർത്തകരും കണ്ടെത്തിയത്. തുടർന്ന്, കനലാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെ വിവരമറിയിക്കുകയായിരുന്നു.
ജഡം തള്ളിയത് വനഭാഗത്തല്ലാത്തതിനാൽ അത് നീക്കംചെയ്യാൻ സ്വാഭാവികമായും വനംവകുപ്പ് അധികൃതർ നടപടിയെടുത്തില്ല. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫിന്റെ നിർദേശമനുസരിച്ച് ശുചീകരണവിഭാഗം തൊഴിലാളികൾ പിറ്റേന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ജഡം നിരത്തിൽനിന്ന് നീക്കംചെയ്തത്.
താമരശ്ശേരി ചുരത്തിൽ മാലിന്യം തള്ളുന്നത് പതിവായതോടെ ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള നിരീക്ഷണവും നിയമനടപടിയുമെല്ലാം സ്വീകരിച്ചിരുന്നു. പിന്നീട് അത്തരമൊരു ജാഗ്രതയിൽ കുറവുവന്നതോടെ മാലിന്യം തള്ളുന്നതും തുടരുകയാണ്. വ്യൂപോയിന്റില്ലെങ്കിലും സി.സി.ടി.വി. സ്ഥാപിക്കാനുള്ള നടപടി ഇതുവരെ പൂർത്തീകരണത്തിലേക്ക് അടുത്തിട്ടില്ല.
നൂറുകണക്കിന് ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് വ്യൂപോയിന്റ് ഉൾപ്പെടെയുള്ള ചുരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് ചുരം ശുചീകരണസമയങ്ങളിൽ എടുത്തുമാറ്റാറുള്ളത്. ഇതിനുപുറമേ ജൈവാവശിഷ്ടങ്ങളും ഡയപ്പറുകളും നാപ്കിനുകളും മറ്റും ചുരത്തിൽ വ്യാപകമായി ഉപേക്ഷിക്കപ്പെടാറുണ്ട്. ചുരത്തിലെ മാലിന്യംതള്ളലും അവയുടെ സംസ്കരണവും പ്രസ്തുതമേഖല ഉൾപ്പെടുന്ന പുതുപ്പാടി പഞ്ചായത്തിനാണ് വലിയ ബാധ്യതയാവുന്നത്. ചുരത്തിനുപുറമേ കുപ്പായക്കോട് ഭാഗത്തും കഴിഞ്ഞദിവസം വലിയതോതിൽ മാലിന്യം തള്ളിയിരുന്നു.
ഇതിനുമുൻപും നായകളും പശുക്കിടാങ്ങളും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെ ജഡം സമൂഹവിരുദ്ധർ രാത്രിയുടെ മറവിൽ ചുരത്തിൽ തള്ളിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. മത്സ്യാവശിഷ്ടങ്ങളും സെപ്റ്റിക് മാലിന്യവും വരെ ചിലർ ചുരത്തിലെ നീർച്ചാലുകളിൽ തള്ളി കടന്നുപോയിട്ടുമുണ്ട്. വനപാതകൂടിയായ ചുരത്തിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി കനത്തപിഴ ചുമത്തി പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചാൽമാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കൂവെന്നാണ് നാട്ടുകാരും സന്നദ്ധപ്രവർത്തകരും അഭിപ്രായപ്പെടുന്നത്.





